ആരാണ് നീ, ഇതിനെക്കുറിച്ച് പറയാൻ എന്ന് ചോദിക്കുവാൻ തുനിയുന്നവരോട്, പ്രതികരണവുമായി സാംസ്കാരികനായകർ എന്ന് തലക്കെട്ടെഴുതിയവർക്ക്, ന്യൂസ് റൂമിലിരുന്ന് വിചാരണ ചെയ്യുന്ന വാർത്താനിർമ്മാതാക്കളോട്,
നിങ്ങൾ ഇനിമേലിൽ ഫേസ്ബുക്ക് പൌരന്മാർ എന്നൊരു പുതിയ വിഭാഗത്തെക്കൂടി നേരിടേണ്ടിവരും. വരും കാല സമരക്കാറ്റുകൾക്ക് പുതിയ പായ്ക്കപ്പലുകൾ തീരങ്ങൾ വിട്ട് നീങ്ങുകയാണ്. ഇതിന് ദിശകൊടുക്കാൻ കഴിയുന്ന രീതിയിൽ മുഖ്യധാര നമ്മെ ആവും വിധം പ്രകോപിപ്പിച്ചുകൊണ്ടിരിക്കും. സാരമില്ല, പുച്ഛം ഒരു പൊതുസമ്മതപ്രതിരോധമാണ്. അങ്ങനെ പുച്ഛിച്ചു പാതാളത്തോളമെത്തിയ എത്ര മാവേലിരാജാക്കന്മാരുണ്ടായിരുന്നു ഭൂമിമലയാളത്തിൽ എന്നോർക്കുമ്പോഴാണ്, ഹാവൂ എന്നൊരാശ്വാസം.
പിന്നെ, മധ്യവർഗ ഇരപിടുത്തമായും ചപലവ്യായാമമായും ഗണിക്കപ്പെട്ടുതീരട്ടെ ഈ അധരവിക്ഷേപം എന്ന് ശപിച്ചു വെണ്ണീറാക്കിക്കളയുന്ന ആസ്ഥാനഗുണഭോക്തൃലിസ്റ്റിൽപ്പെട്ടവരോട്, നിങ്ങൾ ഫാസിസത്തിൽനിന്ന് സബ്സിഡി വാങ്ങുന്നവരാണ്.
നിങ്ങൾ ആധാർ കാർഡും കൊണ്ട് ഉടനെ ഹാജരാവുക. ആവശ്യത്തിന് പുച്ഛം ഇനിയും ഞങ്ങളോടുണ്ടാവുക.
അല്ലാതെ കാറ്റിനൊപ്പം കുടപിടിച്ച് വെറുതേ ഞങ്ങളെ പ്രശ്നത്തിലാക്കരുത്. നിങ്ങളുടെ സാഹിത്യം വായിച്ച് ഞങ്ങൾക്ക് വട്ടുപിടിച്ചേക്കും.
ആ നിലയ്ക്ക് ഇനിയിപ്പോ ലുമ്പൻ ബൂർഷ്വാസിയെക്കുറിച്ചുകൂടി ചർച്ചചെയ്യാനായി തോന്നുന്നു. സംഗതി മറ്റൊന്നുമല്ല, കുതിരവട്ടം പപ്പു പറഞ്ഞതുപോലെ താനാരാണെന്ന് തനിക്കറിഞ്ഞൂടെങ്കിൽ തന്നോട് ചോദിക്ക് താനാരാണെന്ന് , എന്നിട്ടും മനസിലായില്ലെങ്കിൽ എന്നോട് ചോദിക്ക് ഞാനാരാണെന്ന് എന്ന ലൈനിലാണ്. അതായത്, നല്ല ഒരു തുടലും, ഇരുമ്പുകൂടും ഉള്ളതിനാലും, റൊട്ടിയും പാലും ലഭിക്കുന്നതിനാലും യജമാനനുവേണ്ടി മതിൽക്കെട്ടിനുള്ളിൽ വീരശൂരപരാക്രമിയായി കുരച്ചുചാടുന്ന സാഹിത്യജന്മങ്ങൾക്ക് സർവ്വാത്മനാ ഡെഡിക്കേറ്റ് ചെയ്യുന്നു, മോറൽ അമ്മൂമ്മവർത്തമാനം പറഞ്ഞുതരുന്ന ഇവരൊക്കെ പുരോഗമനം എങ്ങനെയാവണമെന്ന് വലിയ ഐഡിയ ഉള്ളവരാണ്. സർവ്വാത്മനാ സർവ്വം സഹരാണ്. ഇതിനെയാണ് kick
ass ideologist’s എന്ന് പിന്നെയും പിന്നെയും തോന്നിപ്പിക്കുന്നത്.
ഒരാൾക്ക് എന്തുചെയ്യാനാവും എന്നതിന് ഇനിയെന്തെങ്കിലും പ്രസക്തിയുണ്ടോ? പകരം ചോദിക്കൂ. ശരിക്കും ഒരാൾത്തന്നെ ഒരാൾക്കൂട്ടമാവുന്ന കാലം വിദൂരമാണോ?
എന്തായാലും കൊച്ചി പഴയ കൊച്ചിയല്ല, കേരളം പഴയ കേരളവുമല്ല. ശരിക്കുള്ള യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുള്ളൂ. ഇന്ന് കൊച്ചി നിരാശപ്പെടുത്തിയിട്ടുണ്ടാവാം. കേരളം നിരാശപ്പെട്ടിട്ടുണ്ടാവാം.
മുന്നൂറ് കിലോമീറ്ററോളം രാപകൽ സഞ്ചരിച്ചെത്തിയ ഇന്റർനെറ്റ് പൌരന്മാർ നിരാശപ്പെടുന്നുണ്ടാവാം.
പക്ഷെ ഭരണകൂടത്തിൽനിന്നും മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളിൽനിന്നും നമ്മളിത്രയേ പ്രതീക്ഷിക്കേണ്ടതുള്ളൂ.
കൂടുതൽ പ്രതീക്ഷിക്കുകയും മനുഷ്യപക്ഷത്ത് അവർ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയും ചെയ്ത
നമ്മളാണ് വിഡ്ഡികൾ.
പക്ഷെ ഒന്നുണ്ട്. യാതൊരു സംഘടനാശേഷിയുമില്ലാതെ,
ആരൊക്കെയാണ് എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നതെന്ന് അറിയാതെ കൊച്ചിയിലേക്കെത്തിയ
ഞാനും ഫ്രെഡിയുമുൾപ്പെടെയുള്ള അനേകർ, എത്രപേർ, അറിയില്ല, ഇന്ന് ലോ കോളേജിനുമുന്നിൽ
സംഘടിച്ച ആ മുപ്പത്തിയഞ്ചുപേരിലധികം അനുഭാവികൾ ഉണ്ടായിരുന്നു തീർച്ചയായും. ഒരുപക്ഷേ
സമാധാനപൂർവ്വകമായ അന്തരീക്ഷത്തിൽ ഇതൊരു ഹൃദയമേളനമാവുമായിരുന്നു.
ഏതാണ്ട് ഉച്ചയ്ക്ക് രണ്ടരയോടെതന്നെ
കാറുകളിലാണ് ബി ജെ പി ഗുണ്ടകൾ എത്തിച്ചേർന്നത്. ഞങ്ങൾ കണ്ടിരുന്നു. സന്ദർശകർ, കാഴ്ച്ചക്കാർ,
അനുഭാവികൾ, കിസ്സടി നടക്കുമോ എന്നറിയാനെത്തിയ ചേട്ടന്മാർ, തെറിവിളിക്കാനോ ആരാനിട്ട്
തല്ലാനോ എത്തിയ സദാചാര ഊളകൾ, സമസ്തകൾ, പോപ്പുലർ ഫ്രണ്ട്, കെ എസ് യു ട്രൌസർകുട്ടികൾ,
എങ്ങനെയാണ് മറൈൻ ഡ്രൈവിലേക്ക് പേരോ മുഖമോ മുൻ പരിചയമോ ഇല്ലാത്ത മനുഷ്യസ്നേഹത്തിന്റെ
പേരിൽമാത്രം ഒന്നായിരിക്കുന്നവർ സംഘടിക്കുക. എവിടെയാണ് അവർക്കുള്ള ജനാധിപത്യ ഇടം. അവരെ
കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന പൊതുസമൂഹം.
എല്ലാം വെറുതെയായിരുന്നു.
ചാനലുകൾ ഓടി നടന്നു ബൈറ്റെടുക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ആരോടും മിണ്ടിയില്ല. കാരണം
ചാനലുകൾക്ക് വേണ്ടി സമരം നടത്തി ശീലമില്ലല്ലോ. ന്യൂസ് റൂമുകളിലിരുന്ന് വാർത്താതാരമാകാൻ
മത്സരിക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷെ നവമ്പർ 2 ഒരു ഓർമ്മദിവസമാവും. അത് തീർച്ചയാണ്.
ഒരു പക്ഷെ പുതിയ നവോത്ഥാനകേരളത്തിന് തുടക്കമാവുന്നു. അതിൽ മുഖ്യധാരാരാഷ്ട്രീയത്തിന്
യാതൊരു പങ്കുമില്ല. അതിനെ എതിർക്കാൻ മൌലവിമാരും ബി ജെ പിക്കാരും കോൺഗ്രസുകാരും ഒന്നിച്ചുനിൽക്കുന്നു.
ഇടതുപക്ഷം മൌനം പാലിക്കുന്നു. കേരളീയ യുവത്വം അരാഷ്ട്രീയവൽക്കരിക്കപ്പെട്ടിട്ടില്ല
എന്നു തെളിയിക്കാനെങ്കിലും ഉപകരിച്ചിരിക്കുന്നു. ഈ കുഴപ്പക്കലാശത്തിലും ഒരു മുപ്പത്തിയഞ്ച്
പേർക്ക് ബാനറുകൾ പിടിച്ച് പ്ലക്കാർഡുയർത്തി അറസ്റ്റുവരിക്കാൻ സാധിച്ചു. പക്ഷെ നിരാശയുണ്ട്.
ഒപ്പമുണ്ട് എന്നുകരുതിയവർ ഉണ്ടായില്ല. എങ്കിലും ഓർക്കുക, എട്ടുറൌണ്ട് പ്രകടനം നടത്തിയ
ശേഷമാണ് ബി ജെ പിക്കാർക്കെതിരെ പോലീസ് ചലിച്ചത്. എന്നാൽ ലോ കോളേജിനുമുന്നിൽനിന്ന് ഫേസ്ബുക്കുകാരെ
കേവലം അഞ്ചടി നടക്കാൻ അനുവദിച്ചില്ല. ചിതറിയോടിയ മുയൽക്കുഞ്ഞുങ്ങളായി ഞങ്ങൾ. പൊതുനിരത്തിൽ
അഴിഞ്ഞാടിയ ആഭാസന്മാർക്ക് പോലീസുകാർ അപ്പോഴും കാവൽ നിന്നു. ആര് ആരുടെ സംസ്ക്കാരത്തിനാണ്
ട്രൌസറിട്ടത് സാറേ. ആർക്കാണ് സാറേ നിങ്ങൾ സംരക്ഷണം നൽകിയത്.
സാരമില്ല. എഴുതിത്തള്ളിക്കളഞ്ഞ
മനുഷ്യർക്കും അവരുടെ സമരാവേശത്തിനും ഇത്ര പരസ്യമായി ഒളിക്യാമറകളെക്കൊണ്ട് നോക്കാൻ മാത്രം
ആശയുള്ള ഒരു സമൂഹത്തിലാണ് തങ്ങൾ ജീവിക്കുന്നതെന്ന് മനസിലായല്ലോ. ചേട്ടാ, അപ്പോ കിസ്സടിയൊന്നും
നടന്നില്ലേ എന്ന് എത്ര ലാഘവത്തോടെ ചോദിക്കാൻ കഴിയുന്നു. നിങ്ങളുടെ കുത്തിക്കഴപ്പിന്
സീനിട്ട് തരലല്ല സുഹൃത്തേ പൌരസ്വാതന്ത്ര്യം. കേരളമെന്നത് ഉള്ളിത്തൊലിക്കുള്ളിലെ ഉള്ളിത്തൊലിയാണെന്ന്
തെളിഞ്ഞു. ചുംബിക്കാൻ വന്നവരെ അതിനൊട്ട് സമ്മതിച്ചതുമില്ല, കാണാൻ വന്നവരുടെ കഴപ്പടങ്ങിയതുമില്ല.
പക്ഷെ മറ്റൊരു നിർണ്ണായകമായ
ബോധ്യം പോലീസ് ഇടിവണ്ടിക്കുമുന്നിൽനിന്ന് ചിതറിയോടിയ ഞങ്ങളിൽ കടന്നുവന്നിട്ടുണ്ട്.
വരും കാറ്റുകൾക്കുള്ള പായ്ക്കപ്പലുകളാണവ.. ഫേസ്ബുക്കിൽ പ്രതികരിക്കുന്നവർ പലരും വോട്ടേഴ്സ്
ലിസ്റ്റിൽ പേരില്ലാത്തവരോ വോട്ടുചെയ്യാൻ താല്പര്യമില്ലാത്തവരോ ആണ്. ഈ ഞാനും അത്തരത്തിലൊരുത്തനാണ്.
അതുകൊണ്ട് വമ്പിച്ച ഒരു ജനകീയ മുന്നേറ്റത്തിന് ശ്രമിക്കുമ്പോൾ ഫേസ്ബുക്കിനപ്പുറം തെരുവിലാണ്
നമുക്ക് പോരാടാനുള്ളത് എന്ന് തിരിച്ചറിയുന്നു. അത് ഫേസ്ബുക്കിൽ പോസ്റ്റിട്ടുകയോ, ഗോയിങ്ങ്
ബട്ടനിൽ ക്ലിക്ക് ചെയ്യുകയോ ലൈക്കടിക്കുകയോ ചെയ്യുംപോലെ എളുപ്പമല്ല. ബി ജെ പിക്കാർക്ക്
മറൈൻ ഡ്രൈവിൽ മാർച്ചിനുള്ള സ്വാതന്ത്ര്യം ലഭിക്കുകയും നമുക്ക് അത് ലഭിക്കാതിരിക്കുകയും
ചെയ്തതിന്റെ കാരണമതാണ്. എങ്കിലും തലതൊട്ടപ്പന്മാരില്ലാത്ത ഈ സമരം ലൈംഗികന്യൂനപക്ഷങ്ങളുടെയും
സിവിൽ അവകാശപ്പോരാട്ടങ്ങളുടെയും ദിശയിൽ ഒരു പുതിയ വഴിത്തിരിവാകും. ഗറില്ലാസദാചാരത്തിൽ
താല്പര്യമുള്ളവരുടെ തലമണ്ടകൾ തല്ലിപ്പൊളിച്ചുതന്നെ മറുപടി നൽകാൻ കഴിയണം. അതിന് ഈ തെരുവുകൾ
തൂത്തുവാരൂ എന്നു പറയുന്നവരോട് ഈ തെരുവിലെ ചോര കാണൂ എന്നാണ് മറുപടി പറയാനുള്ളത്. പുതിയ
തുടക്കങ്ങൾക്ക് ഒരു മോശം അനുഭവം ആവശ്യമാണ്.
സോഷ്യൽ മീഡിയ വഴി പ്രതികരിക്കുന്നവരെക്കുറിച്ച് മുഖ്യധാരാ
മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ടാവില്ല. തെളിവു തരൂ
എന്ന് അലമുറയിടുകയും, നിങ്ങൾ കൈത്താങ്ങുള്ള
കസേരക്കുഷ്യനിലിരുന്ന് പലതും പറയും എന്നും, എവിടെ നിങ്ങൾക്കുള്ള
ജനപിന്തുണ എന്നും പലചോദ്യങ്ങളുണ്ട്. ജനപിന്തുണയും
ജനകീയകോടതിയും അഴിമതിയെസംബന്ധിച്ചും വംശീയകലാപത്തെ സംബന്ധിച്ചും വിധിപ്രസ്താവം
ചെയ്യുകയും അങ്ങനെ എല്ലാം പണ്ടത്തതിനേക്കാൾ സുന്ദരമായി പരിണമിക്കുകയും ചെയ്യുന്ന
സ്വത്രന്ത്ര പരമാധികാര പണ്ടാരമടങ്ങിയ രാജ്യത്ത് ഇങ്ങനെ ചില തൊന്തരവുകൾകൂടി
കടന്നുകിട്ടണമല്ലോ, വായ കീറിയതുകൊണ്ടാണ് ഇവർക്ക് അലമുറയിടാനോ
വിശക്കുന്നതായോ തോന്നുന്നത് എന്ന് താത്ത്വികമായി അവലോകനം ചെയ്തുപോരുന്നത്, അഥവാ അങ്ങനെയേ നിങ്ങളിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നുള്ളൂ സാറന്മാരേ!
പലതിൽനിന്ന് പലതിലേക്ക് മാറുന്ന പലതിനെയും കുറിച്ച് പലതും
ചിന്തിക്കുമ്പോൾ പലതും തോന്നുന്നു. എങ്കിലും ഉമ്മ, ഫോട്ടോയെടുക്കാൻ മറന്നുപോയ എല്ലാ ഉമ്മകൾക്കും
അഭിവാദ്യങ്ങൾ ഫ്രെഡി, ജിജോ,
ജെയ്സൺ, വാസു, ലോഹിത്, രാഗേഷ്, വിഭാത്, സന്തോഷ്, രാഗേന്ദു, അനീഷ് മേനോൻ, സലിം, സജിത്ത്,
പ്ലിങ്കു , എല്ലാവർക്കും ഉമ്മകൾ, will miss u.
Love u a lot
No comments:
Post a Comment