രാഷ്ട്രീയപ്രതിലോമകാരികളുടെ
വിജയങ്ങളിൽ ഒരു ആൾക്കൂട്ടമനശാസ്ത്രമുണ്ട്. സർവ്വത്തിലും അമ്മ മയമാണ്. കൊട്ടാരത്തിൽ
വാഴുന്ന തലൈവി, മാനസികമായ നിഗൂഡാവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന തമിഴ് വാഴ്വുകളിൽ അമ്മയാണ്,
കനിഞ്ഞുതരുന്ന അമ്മ, ജനാധിപത്യത്തിൽ പൌരനും പൊതുസമൂഹവും അപ്രസക്തമാവുകയും വാഴ്ത്തുക്കൾ
മാത്രമാവുകയും ചെയ്യുമ്പോൾ, മുമ്പേ അങ്ങനെ തന്നെ ആയിരുന്നില്ലേ തമിഴ് രാഷ്ട്രീയം (അരശിയൽ)
ആ നിലയ്ക്ക് റൊട്ടി തിന്നാനില്ലാത്ത ജനങ്ങളോട് കേക്കു കഴിക്കൂ എന്ന് പറയാതെ അവർക്ക്
5 രൂപയ്ക്ക് സാമ്പാർ സാദം, 1 രൂപയ്ക്ക് തൈര് സാദം, 5 രൂപയ്ക്ക് ലെമൺ റൈസ്/ കറിവേപ്പില
ചോറ് , അഞ്ച് രൂപയ്ക്ക് ചപ്പാത്തിയും കറിയും, ഇങ്ങനെയൊക്കെയാണ് അമ്മ ഉണവാകം എന്ന അമ്മ
ഹോട്ടലുകൾ നൽകുന്നത്. നീണ്ട ക്യൂവാണ്. ഞങ്ങൾ 11.45 മുതൽ നിൽക്കാൻ തുടങ്ങിയിട്ട് 2 മണിക്കാണ്
സാമ്പാർ സാദത്തിന്റെ ടോക്കൺ ലഭിച്ചത്. ക്യൂവിൽ നിന്നപ്പോഴാണ് എല്ലാ ദിവസവുമിത്രമാത്രം
തിരക്കുണ്ടെന്ന് അറിഞ്ഞത്. മദ്രാസ് ജനറൽ ആശുപത്രിയിലെ അമ്മ ഉണവാകത്തിൽ, അധികവും രോഗികളോ
അവരുടെ ബന്ധുക്കളോ ആണ് ഊണ് വാങ്ങാനും കഴിക്കാനുമുണ്ടായിരുന്നത്. എന്റെ മുന്നിലായി നിന്ന
നാരായണൻ വയറ്റിൽ കട്ടിയായതുമൂലം ഒന്നരമാസമായി അവിടെ ചികിത്സയിലാണ്. അയാൾത്തന്നെ ക്യൂവിൽനിന്ന്
സാമ്പാർ സാദം വാങ്ങുന്നു. സെക്യൂരിറ്റി സ്റ്റാഫ് വലിയ ചൂരലുകളേന്തി നിൽപ്പുണ്ട്. തമിഴിൽ
തെറിയഭിഷേകം ചെയ്യുന്നു. പെറുക്കികളേ മാന്യതയോടെ ക്യൂവിൽനിൽക്കൂ എന്നലറുന്നു.. ഒരാൾക്ക്
എത്ര ടോക്കൺ വേണമെങ്കിലും വാങ്ങാമെന്നതിനാൽ ആർക്കും വയറുനിറച്ച് ഉണ്ണാതെ പോകേണ്ടിവരില്ല.
ഒരു ഉഴുന്നുവടയ്ക്ക് 25 രൂപയുള്ള നാട്ടിൽ ഒരു തവി നിറച്ചും സാമ്പാർ സാദത്തിന് വെറും
അഞ്ചുരൂപ മാത്രം. തൈര് സാദം വാങ്ങാൻ ചില്ലറയില്ലാഞ്ഞിട്ട് ബാക്കി നിങ്ങൾ എടുത്തോ എന്ന്
പറഞ്ഞ ഒരു അഞ്ചുരൂപക്കാരനെയും കണ്ടു. പക്ഷെ കൌണ്ടറിലെ സ്ത്രീ അതിന് വഴങ്ങിയില്ല. ആർക്കും
അന്യായപ്പണം വേണ്ടെന്നു തോന്നുന്നു. സാമ്പാർ സാദം നല്ല രസികൻ രുചിയുണ്ട്. നല്ല വൃത്തി.
നല്ല സ്റ്റീൽ പാത്രത്തിലാണ് തരിക. കുടിവെള്ളം മാത്രം എങ്ങും കിട്ടാനില്ല. പക്ഷെ എല്ലായിടത്തും
ജയലളിതയുടെ ഫോട്ടോ കാണാനുണ്ട്. അമ്മ ഉണവാകത്തിൽ ക്യൂവിൽനിൽക്കുന്നതെല്ലാം മധ്യവയസ്കരോ
വൃദ്ധരോ ആണ്. ആശയറ്റവർ. വിശപ്പിനെ മാത്രം ധ്വനിപ്പിക്കുന്നവർ. ഡാൻസ് ചെയ്യാനോ വെടിയുണ്ടകളെ
പിടിച്ചെറിഞ്ഞ് കളയാനോ അറിയാത്ത തമിഴൻ. ഇദയത്തിൽ അൻപുനിറഞ്ഞ് ചോളരാജ്യപ്പെരുമകളിൽ പ്രജകളായി
ഒടുങ്ങുന്നവർ.
ഒരുപക്ഷെ ഈ വിശപ്പിൽനിന്നും
വളരുന്ന ന്യൂ ജനറേഷൻ എന്താവും ചിന്തിക്കുക? ഇത്രയേറെ വിശക്കുന്നവരുണ്ടോ ഈ നഗരത്തിൽ.
മുപ്പത്തഞ്ച് രൂപ കയ്യിലുണ്ടെങ്കിൽ നീ ദരിദ്രനല്ല എന്ന് കണക്കുതട്ടുന്നവർ ഈ നഗരത്തെ
കണ്ടിരിക്കുമോ? ബി പി എൽ ലിസ്റ്റ് വെട്ടിച്ചുരുക്കിയാൽ ദാരിദ്ര്യം ഇല്ലാതാവുമോ? ദാരിദ്രനിർമ്മാർജനം
പദാവലികളുടെ പദയാത്രകളിൽ ദാരിദ്ര്യലഘൂകരണത്തിലേക്ക് വഴിമാറിയതെങ്ങനെയാവും?
പാർശ്വവൽക്കരിക്കപ്പെട്ട തമിഴനുമുന്നിൽ
രണ്ടുവഴികളേയുള്ളൂ. ഒന്നുകിൽ തെണ്ടിയാവുക, അല്ലെങ്കിൽ അടിമയെപ്പോലെ പണിയെടുക്കുക. പണമാണ്
ദൈവം. പോലീസുകാരോട് ഭയമുള്ളവർ വളരെയധികമാണ്. എല്ലാവരെയും പരിശോധിച്ചു മാത്രമേ സെക്രട്ടേറിയറ്റിലേക്ക്
കയറ്റാറുള്ളൂ. ഏവനോ തപ്പ് ചെയ്താൽ എല്ലാവരും അനുഭവിക്കില്ലേ എന്ന് വിശദീകരണം. വനിതാപ്പോലീസുകാർ
പുരുഷന്മാരെയും പരിശോധിക്കുന്നുണ്ട്. ഡ്യൂട്ടിയിലും വനിതാ-പുരുഷപോലീസുകാർ തമ്മിൽ വിവേചനമുള്ളതുപോലെ
തോന്നിയില്ല. സുന്ദരികൾ തന്നെ. സംശയമില്ല. കിലുങ്ങുന്ന തമിഴ് കണ്ണിണകൾ!
അണ്ണാ ഡി എം കെ പാർട്ടിക്കാർ,
അമ്മയുടെ ചിത്രമുള്ള പേന, അമ്മയുടെ ചിത്രമുള്ള തിരിച്ചറിയൽ കാർഡ്, അമ്മയുടെ ചിത്രമുള്ള
പേപ്പർ, ഇതെല്ലാമാണ് ഉപയോഗിക്കുക. അങ്ങനെയൊരാളോട് വഴി ചോദിക്കുകയാണെങ്കിൽ അയാൾ തീർച്ചയായും
തെറ്റായ വഴി പറഞ്ഞുതരില്ല.
സൈക്കിൾ റിക്ഷക്കാരെ കണ്ടപ്പോൾ
അതിൽക്കയറണമെന്ന് തോന്നിയെങ്കിലും ഉച്ചമയക്കത്തിലായിരുന്നു ഞങ്ങൾ കണ്ട മൂന്നുപേരും.
മദ്യലഹരിയിലും ഉച്ചക്കനപ്പിലും ക്ഷീണിച്ചുറങ്ങുന്ന പാവങ്ങൾ.
റോഡരികിൽ തീകൂട്ടുകയും
മക്കളെ ഊട്ടുകയും ചെയ്യുന്ന തമിഴ് സ്ത്രീകളെ റെയിൽവേ സ്റ്റേഷനും ആശുപത്രിക്കും സെക്രട്ടറിയേറ്റിനുമിടയിലുള്ള
റോഡിൽ പലയിടത്തും കണ്ടു.
ജനറൽ ആശുപത്രിയിൽ ഒന്നു നടന്നുകണ്ടതിൽനിന്ന്
കേരളത്തിലെ ഏതു സർക്കാർ ജനറലാശുപത്രിയെയും പിന്നിലാക്കുന്ന വൃത്തിയും ചികിത്സാ സൌകര്യവും
അവിടെ ലഭിക്കുന്നു എന്ന് മനസിലായി. എല്ലാ ആശുപത്രികളിലും കുപ്രസിദ്ധി തരുന്ന ഓ പി,
ഓർത്തോ, ഇവിടെയൊക്കെ പോയി. നല്ല ചികിത്സ, നല്ല ഭക്ഷണം. നല്ല അൻപ്. എന്തഴിമതിക്കാരിയെന്ന്
ആരു പറഞ്ഞാലെന്താ? അമ്മ ആൾക്കൂട്ടമനശാസ്ത്രത്തെ ഏറ്റവും ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു.
വമ്പൻ അഴിമതികളുടെ നിഴലിലും
ഇത്തരം ചെറുനിലാവെട്ടങ്ങളെ ഒരുക്കിവെക്കുന്നതിലും ഒരു ശരാശരി തമിഴനെ പ്രതീക്ഷയാൽ ചേർത്തുനിർത്തുന്നതിലും
വിജയിക്കുന്ന പോപ്പുലിസ്റ്റ് പെറ്റി പൊളിട്രിക്സ് എന്ന് പുച്ഛിക്കാമെങ്കിലും ടോക്കണിസം
ഒരു ചെറിയ ഇസമല്ല എന്നോർമ്മിക്കുന്നു. കണക്കുകൂട്ടിയാൽ വോട്ടുകൾ നൽകുന്ന തുടരൻ സാമ്പത്തികനേട്ടങ്ങൾ
ഇത്തരം ടോക്കണിസങ്ങളിലൂടെ ജനപ്രിയ ഗലാട്ടെകളാക്കിമാറ്റുന്ന തലൈവിയിൽ ഒരു അപകടകാരിയായ
പ്രതിലോമകാരിയെ കാണേണ്ടിയിരിക്കുന്നു.
ചെന്നൈ മെട്രോയ്ക്കുവേണ്ടി
റോഡ് കുത്തിപ്പൊളിച്ചിട്ടിരുന്ന സ്ഥലത്ത്പോലും ട്രാഫിക് ബ്ലോക്കില്ല. എന്തദ്ഭുതം!.
കാനകൾ നിറഞ്ഞിട്ടാണ് പലയിടത്തും.
നഗരഹൃദയത്തിൽ ഒരു തോടുപോലെയുള്ള വിസ്തൃതമായ അഴുക്കുചാൽ. അതിനപ്പുറം തകരപ്പാട്ടകൾ നെയ്ത
ചേരികൾ.
മറീനാബീച്ചിൽ പുണ്ണുപിടിച്ച
നായകൾ, മീൻ മാർക്കറ്റ് ടൂറിസ്റ്റുകളുടെ സ്പോട്ടിൽത്തന്നെ കാക്കകളുടെ ഊരും പോരും തിരിയാത്ത
ഇരതേടലുകളോടൊപ്പം.
ബസുകളിൽ ആകെ പൊടിമയമാണ്.
കയറാൻ കഴിയാത്ത വിധം തിരക്ക്. സാധാരണക്കാരോ, പാവപ്പെട്ടവരോ ആയ അനേകരുള്ള നഗരത്തിന്
അതിലെ പൌരൻ എമ്മാതിരി മുഖമുള്ളവനായിരിക്കാം എന്നു സംശയമാവും. ചെപ്പോക്കിൽനിന്നുള്ള
ഇലക്ട്രിക് ട്രെയിനിൽ തീക്ഷ്ണമായ ചെറുപ്പത്തിന്റെ കൊടും വസന്തം! പ്രണയത്താലുലഞ്ഞുപോവുന്ന
തകരക്കൊട്ടാരങ്ങൾ.
വിലക്കയറ്റത്തിന്റെയോ തൊഴിൽചൂഷണങ്ങളുടെയോ
യൌവ്വനങ്ങൾ വിശന്നുകാത്തിരിക്കുമ്പോഴും എല്ലാം മറന്ന് പ്രണയത്തിൽപ്പെടാൻ ഒരു തമിഴനേ
കഴിയൂ.




This comment has been removed by the author.
ReplyDelete:-)
ReplyDelete