Friday, October 11, 2019

ഉടലില്‍നിന്നു തെറിക്കുന്ന ഒച്ചകളുടെ തീവണ്ടി:

കഥയെക്കാള്‍ മഹത്തരമായതെന്താണ് എന്നൊരു അന്വേഷണം ആവശ്യമുണ്ടോ? അല്ലെങ്കില്‍ത്തന്നെ ഏറ്റവും മഹത്തരമായതെന്തിനാണ്? ജീവിതത്തോട് സത്യസന്ധത പുലര്‍ത്തുന്ന എന്തിനെയും പുറന്തളളാനാവും- ജീവിതം അതിന്റെ ആവര്‍ത്തനസ്വഭാവം കൊണ്ട് നമ്മെ പുറന്തള്ളുന്നു. വഴിവക്കിലായ മരങ്ങളെപ്പോലെ, ഒറ്റപ്പെട്ട വീടുകളെപ്പോലെ, ജനാലയ്ക്കപ്പുറത്തെ കാഴ്ച്ചകളെപ്പോലെ പിന്തള്ളപ്പെടുന്നു.
അതില്‍ വലിയ വിഷമവുമില്ല. ഏകാന്തതയോളം വരില്ല ഒരു കൂട്ടും. ഇപ്പോഴെങ്ങനെയാണ് ഓർമ്മകളുടെ കാഴ്ച്ചകൾ. അവ ഇൻസ്റ്റാഗ്രാമോളം വരുമോ എന്ന് ചോദിക്കുന്നവരുണ്ടാകും. തീർച്ചയാണ്. നമ്മുടെ കഴിഞ്ഞ വർഷങ്ങൾ മാസങ്ങളെല്ലാം, ഫേസ്ബുക്കോ, ഗൂഗിൾ ഫോട്ടോ ആപ്ലിക്കേഷനോ ഓർമ്മിക്കും പോലെ നമുക്കറിയുമോ. നമ്മുടെ കണ്ണുകൾ ഒരു ക്യാമറയുടെ അതേ മാനകത്താൽ 576 മെഗാപിക്സലുകൾ തീവ്രമാണ്. കണ്ണുകൾ പകർത്തുന്നത്രയും മിഴിവോടെയും മികവോടെയും ഒരു ക്യാമറയ്ക്കുമാവില്ലല്ലോ. മറക്കാനിടയുളളതിനെ മറന്നുകളയുന്ന ആ ക്യാമറയും, മനസ്സെന്ന ഇൻസ്റ്റാഗ്രാമും എത്ര സൌകര്യപ്രദമാണ്. പഴയ പുസ്തകശേഖരത്തെ പുതിയ കഥകളായി വായിക്കാനായി കഴിയുമെങ്കിൽ നല്ലതല്ലേ.  മലയാളി സൈക്കോ യൂ ട്യൂബർ സിനിമാ നിരൂപകനെപ്പോലെ ശരാശരി പുസ്തകം എന്ന് ഗുഡ് റീഡ്സിൽപ്പോയി എല്ലാ പുസ്തകത്തിനും നിരൂപണമിടുന്നവർക്കറിയുമോ ഒരോ പുസ്തകവും അവനവന്റെ കൂടി വായനയാണെന്ന്. എഴുതിയതും വായിക്കുന്നതും തമ്മിൽ കാലവും കാലവർഷവും തമ്മിലെന്നതുപോലെ ആർക്കും മോഷ്ടിക്കാനാവാത്ത ഒരു ഞാറ്റുവേലയുടെ സുകൃതമുണ്ടെന്ന വസ്തുത. അല്പം കാൽപനികമായ ഒരാശ്വാസം. എങ്കിലുമിതാ കഴിഞ്ഞ ഒരു മാസം കൊണ്ട് ആറുപുസ്തകങ്ങൾ വായിച്ചു എന്ന് സംഗീതാ ശ്രീനിവാസൻ ഇൻസ്റ്റാഗ്രാമിലെഴുതുമ്പോൾ നിങ്ങൾക്കൊരാനന്ദം തോന്നുന്നില്ലേ. നിങ്ങളിനിയും വായിച്ചുതീരാത്ത ആ നായച്ചെവിയൻ ഇതളുകളുളള പുസ്തകം കട്ടിലിനുതാഴെ വെറും നിലത്തുകിടന്ന് നിങ്ങളോട് പുഞ്ചിരി തൂകുന്നില്ലേ?

മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം ഇപ്പോഴാരെങ്കിലും വായിക്കുന്നുണ്ടാവുമോ? സെക്രട്ടേറിയറ്റില്‍ ജോലി കിട്ടിയ ഒരു സുഹൃത്ത് ഈയിടയ്ക്ക് അത് വീണ്ടും വായിച്ച കാര്യം എന്നോട് പറഞ്ഞു. നന്നായി. ജെയിംസ് ഹെറിയട്ടിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന് ഒന്നാം വര്‍ഷ വെറ്ററിനറി വിദ്യാര്‍ത്ഥികളോട് ചോദിക്കാറുള്ള ഒരു അധ്യാപകനുണ്ട്. ഇപ്പോഴും അദ്ദേഹം അതുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. (അദ്ദേഹം തുമ്പൂര്‍മുഴി കമ്പോസ്റ്റിലൂടെ കേരളമറിയുന്ന ഡോ: ഫ്രാന്‍സിസ് സേവ്യറാണ്, ഒരുപക്ഷെെയിംസ് ഹെറിയട്ടിനെ വായിച്ച് ആകൃഷ്ടരായി എത്തുന്ന വിദ്യാര്‍ത്ഥികളെ അദ്ദേഹം ഇപ്പോഴും കാത്തിരിക്കുന്നു. ആനിമല്‍ പ്ലാനറ്റും ഡിസ്കവറിയും കണ്ട് വിദൂരമായ വിചിത്രഛേഷ്ടകളോടുകൂടിയ ചിലരെയെങ്കിലും അദ്ദേഹം എപ്പോഴും പ്രതീക്ഷിക്കുന്നു.അതൊക്കെ ഒരു ബാക്ഡ്രോപ്പാണ്.)

പക്ഷെ നിങ്ങൾ ശലഭം പൂക്കൾ aeroplane വായിച്ചിട്ടുണ്ടാവില്ലേ. Did fiction do this to me
 എന്ന് എങ്കിൽ നിങ്ങൾ ചോദിക്കാനിടവരട്ടെ.  ഒരാൾ അയാൾ വായിച്ചുതീർത്ത പുസ്തകങ്ങൾ കൂടിയാണ്. പുസ്തകങ്ങളുടെ രുചി അഭിരുചിയുമാവുന്നു. ഉള്ളിലുളള പുസ്തകത്തെയും വാക്കിനെയും തിരഞ്ഞാണ് നമ്മൾ പുതിയ പുതിയ പുസ്തകങ്ങൾ വായിക്കുന്നത്‌. ഒരു വാക്കിന്റെ ഒച്ചയിലോ പ്രഭാവത്തിലോ നമ്മൾ വായിച്ചുതീരുന്നില്ല ഒരിക്കലും. അമ്പലം കഴിഞ്ഞും നടന്നാൽ വായനശാലയെത്തും. അല്ലെങ്കിൽ അമ്പലമെത്തും മുമ്പാവും വായനശാല. പള്ളിയും പള്ളിക്കൂടവും തമ്മിൽ നല്ല ബന്ധമുണ്ടാവും. കരുനാഗപ്പളളി പോലെ പളളിയിൽ അവസാനിക്കുന്ന പല സ്ഥലങ്ങളും ബുദ്ധപാഠശാലകളെ പിൻപറ്റിയാണ് ആ പേരു നേടിയതെന്ന് ഓർക്കുക. ഒരു പക്ഷെ രാമായണവായനകൾക്കുപോലും ഒരു ബുദ്ധപാരമ്പര്യമുണ്ടാവാം.  നടവളവിലാണു പുസ്തകങ്ങൾ കിട്ടുക. വാരികകൾ. വീട്ടിലെത്തുമ്പോഴേക്കും വായിച്ചുതീർന്നിട്ടുണ്ടാവും. നടന്നുകൊണ്ടാണു വായന. വായിച്ചുതീരാത്ത അച്ഛൻ വളരെ നോവിച്ച പുസ്തകമാണ്. അത്‌ പിജിയെക്കുറിച്ച്‌ എം ജി രാധാകൃഷ്ണന്റെ ഓർമ്മകൾ മാത്രമല്ല. എന്റെയും അച്ഛനാണ്. എന്റെയും തീരാപ്പുസ്തകമാണ്. കാമുകിയുടെ തുടകളേക്കാൾ ക്ഷീണിച്ചുറങ്ങുന്ന അഭയമാണ്. വായിച്ചുറങ്ങുമ്പോഴെല്ലാം എന്റെ ഉറക്കത്തിലും ആ പുസ്തകം വായിച്ചുതീരുകയേയില്ല.

Wednesday, September 18, 2019

കാല്പനികമല്ലാത്ത മഴക്കാലം പെയ്യുമ്പോൾ

മഴയത്ത് ഒറ്റയ്ക്ക് നനഞ്ഞുനിൽക്കുന്ന മരത്തെക്കാൾ സങ്കടകരമായതെന്താണ് എന്ന് നെരൂദ ഒരു കവിതയിൽ ചോദിക്കുന്നുണ്ട്. മഴയെക്കുറിച്ചുളള അതികാല്പനികമായ ഗൃഹാതുരത്വമെല്ലാം നമ്മളെ കുടഞ്ഞുകളയുന്ന പ്രളയകാലമായും ഉരുൾപ്പൊട്ടി വരികയാണ്. ജീവിതത്തിലിത്രകാലം കൂട്ടി വെച്ചതെല്ലാം നഷ്ടമാവുന്ന, വീടും വീട്ടിലേക്കുളള വഴിയും മേൽമണ്ണുവന്ന് മൂടിപ്പോവുന്ന മരണത്തിന്റെ ചിലങ്കയണിഞ്ഞ മഴ.
പ്രണയം ഒരു ചുംബനത്തിലേക്കെത്താനുളള ഏറ്റവും ദൂരമേറിയ വഴിയാണ് എന്നതുപോലെ നനച്ചുതീർക്കുന്ന ജാലകവാതിലിലെ കാഴ്ച്ചയല്ല, മഴ ദുരന്തപ്പെയ്താവുമ്പോൾ.  നമ്മൾക്കിനിയെന്തിനെയാണ് പ്രണയിക്കാൻ കഴിയുക. മഴപെയ്യുമ്പോൾ പുസ്തകം വായിച്ചിരിക്കാനിഷ്ടപ്പെടുന്നവരുടെ, ബെഡ്ഡിലൊന്നുകൂടി പൂണ്ടുകിടന്നുറങ്ങുന്നവരുടെ, ചൂടു കട്ടൻ കാപ്പി കുടിക്കുന്നവരുടെ, കൂടുതൽ പ്രണയച്ചുരങ്ങൾ താണ്ടി ചുംബനങ്ങളുടെ മൂടൽ മഞ്ഞിലലിയുന്നവരുടെ, ഇൻസ്റ്റാഗ്രാമിലേക്ക് മഴച്ചിത്രങ്ങൾ കോർത്തിടുന്നവരുടെ- അങ്ങനെയെല്ലാവരുടെയും മഴയിൽനിന്നുളള ദൂരം കൂടുകയാണ്- അതെ, ഇനിമുതൽ കാല്പനികമല്ലാത്ത മഴക്കാലങ്ങൾ

കർക്കിടകവാവിന്റെ ദിവസത്തെക്കുറിച്ച് ഉണ്ണി ആർ എഴുതിയ വീട്ടുകാരൻ എന്ന  കഥയുണ്ട്. ഒരു കർക്കിടകവാവിൻ ദിനം അവൾക്കിഷ്ടപ്പെട്ട കറികളും ചോറുമൊരുക്കി ഉരുളകളാക്കി വെച്ച് വൈലോപ്പിള്ളിയുടെ കവിതകൾ ചൊല്ലി കാത്തിരിക്കുന്ന പുസ്തകങ്ങൾ നിറഞ്ഞ വീട്ടിൽ കഴിയുന്ന ഒരാളെക്കുറിച്ചുളള കഥ.  ഓർമ്മകൾ കൊണ്ട് ഇനി മഴക്കാലത്തെല്ലാം സ്നേഹത്തിന്റെ തർപ്പണങ്ങൾ.  കാരണം ഈ കർക്കിടകത്തിൽ എത്രയോ പേരങ്ങനെ ഈ പ്രളയത്തിൽ നഷ്ടപ്പെട്ടു. എത്ര പൂവിട്ടാലും അതിലും മികച്ച കുസുമങ്ങളായി ചിതകൊണ്ടെരിഞ്ഞങ്ങനെ നീറുന്ന കവിതയോർമ്മയായങ്ങനെ. ഹാ!

ഒരു കുടയ്ക്ക് താങ്ങാൻ കഴിയാത്ത മഴയുണ്ടായിരുന്നു. ഒരു ചേമ്പിലയ്ക്കോ, ചേലത്തുമ്പിനോ താങ്ങാൻ കഴിയാത്ത മഴയുണ്ടായിരുന്നു. ഇന്നിപ്പോൾ ഭൂമിക്ക് താങ്ങാൻ കഴിയാത്ത മഴയുണ്ടാവുന്നു. ഭൂമി  തന്നെ ചോർന്നൊലിച്ചുപോവുന്നു. കുടത്തുണി കീറിപ്പറന്നുപോയിടത്തുനിന്ന് പ്രാണൻ തന്നെ പാറിപ്പോവുന്നു.
ഒരുകുടം തണ്ണീരുമൊക്കത്തുവെച്ചല്ല ഇപ്പോൾ ഭാസ്ക്കരൻ മാഷുടെ കവിതയിലെ കരിമുകിൽപ്പെൺകൊടി വരുന്നത്.  വയലിനുകളുടെ താഴ്വര എന്ന് മഴ പെയ്യുമ്പോൾ പറയാനുമാവുന്നില്ല.
ഗാഡ്ഗിൽ റിപ്പോർട്ട്,  മഴ പെയ്യുമ്പോഴും പ്രളയദുരന്തമുണ്ടാവുമ്പോഴും വീണ്ടും പി ഡി എഫുകളായി സഞ്ചരിക്കുന്നുണ്ട്. അത് വായിച്ചും വായിക്കാതെയും വിവാദങ്ങളും മറുവാദങ്ങളുമുണ്ടാവുന്നുണ്ട്. വികസനമൌലികവാദവും പരിസ്ഥിതിലോലന്മാരും ഏറ്റുമുട്ടുന്നുണ്ട്.
എല്ലാ‍വരും, വെയിലുദിക്കുമ്പോൾ എന്തൊരു ചൂട് എന്ന് ഉഷ്ണിക്കുന്നുമുണ്ട്. അപ്പോഴും ‘ഒറ്റമിന്നലിൽ വീണ്ടും പഴയ ഞാൻ’ എന്നുചൊല്ലി നമ്മൾ പിന്നെയും മഴകാ‍ത്തിരിക്കില്ലേ? ഒന്നുമില്ലാടിമാസമേ, നിന്നസിതം മുഖം, നീലകേശം, നിലയ്ക്കാത്ത സാന്ത്വനം എന്നൊക്കെയല്ലേ?

ഇക്കൊല്ലത്തെ മഴയിൽ, പേമാരിദുരന്തത്തിൽ അഞ്ചു ദിവസം വരെ ഇലക്ട്രിസിറ്റി ഒറ്റപ്പോക്കിന് ഇല്ലാതായ ഇടങ്ങളുണ്ട്. ഇൻവെർട്ടറുകളും ബാറ്ററികളും ഒക്കെ നിഷ്ഫലമായ നേരം. മെഴുകുതിരികൾക്ക് വലിയ ക്ഷാമം നേരിട്ടു എന്ന് ചില പീടികക്കാർ എന്നോട് പറഞ്ഞു. മെഴുകുതിരി വെട്ടങ്ങൾ കൈകൂപ്പി നമുക്ക് നേരേയും , നമ്മൾ അവരുടെ നേർക്ക്‌ മിഴികൾ കൊണ്ടും. പഴയ കാലത്തെ പലരും ഓർത്തിട്ടുണ്ടാവും. ചിമ്മിണി വെട്ടവും,  അരിക്കലാമ്പും,മെഴുകുതിരിയും, എരിഞ്ഞുപുകഞ്ഞു കെട്ടുപോകുന്ന അടുപ്പും, കഞ്ഞിപ്പാത്രവുമെല്ലാം പിന്നെ ശാപമുക്തി ലഭിച്ചു തിരികെ വരും പോലെ. അതുപോലെ
മുങ്ങിക്കുളിയും നീന്തലും, വയൽപ്പണിയുമൊക്കെ മടങ്ങിവരുമോ? ഇരുട്ടായിരുന്നു. വൈദ്യുത വിളക്കുകൾ എത്തിയിട്ടില്ല, തൊടുപുഴയ്ക്കപ്പുറം ഇടുക്കിയിൽ മനുഷ്യപാദസ്പർശമേറ്റിട്ടില്ല, കോഴിക്കോടിനപ്പുറം വയനാടില്ല, അപ്പോൾ കാട്ടിൽ ഉരുൾപ്പൊട്ടിയാലോ മഴ പെയ്താലോ ആരറിയാൻ. മലവെളളം നിറഞ്ഞുവരുന്നതൊക്കെ കുടിയേറ്റക്കാരുടെ ഓർമ്മകളിലുണ്ട്‌. ഇരുട്ട്‌ വീണ്ടും അറിയാൻ കഴിഞ്ഞതിപ്പോഴാണെന്നു പറഞ്ഞല്ലോ. മുമ്പ്‌ തീപ്പെട്ടിക്കൊള്ളി ഉരച്ചു ഇരുട്ടിനെ താൽക്കാലികമായി ഒന്നു വെട്ടപ്പെടുത്തലായിരുന്നു, ചൂട്ടുകറ്റ കൊണ്ടുപോകാൻ മെനക്കെടാത്തവരൊക്കെ. അങ്ങനെ തീപ്പെട്ടിയുമായി നടക്കുമ്പോൾ നേരം പോക്കിനു ഒരു കെട്ട്‌ ബീഡിയും വാങ്ങും. ബീഡി വലിയും അങ്ങനെ ശീലമാവും. ഉച്ചയൂണ് തരപ്പെടണമെന്നേ ഉണ്ടാവൂ. ഇച്ഛാഭംഗങ്ങളും വിഭ്രമങ്ങളും ചിത്തഭ്രമവും അപ്പോഴുമധികമാണല്ലോ. എല്ലാ വീട്ടിലും ചങ്ങലയ്ക്കിട്ടൊരാളുണ്ടാവും , അല്ലെങ്കിൽ പരിചയത്തിലെങ്കിലും, അങ്ങനെയാണല്ലോ ഭ്രാന്തൻ വേലായുധനെക്കുറിച്ച്‌ എം ടിക്ക്‌ നമ്മളോട്‌ എളുപ്പമെഴുതാനായത്‌. ടോർച്ച്‌ കയ്യിലുളളവർക്ക്‌ അത്‌ പണയം വെക്കാനാവുമായിരുന്നു. പന്ത്രണ്ടണയൊക്കെ പണമുതൽ ഒപ്പിക്കാം. അരയണ ലൊടുത്താൽ ഊണു കിട്ടും. മേലേയിടുന്ന തോർത്തു വരെ പണയം വെക്കാം.
പഴയ മഴയുടെ കാലത്ത്‌, പോതിയുണ്ടാരുന്നു,ഇപ്പോ ആൾ ദൈവങ്ങളായി. മഴയുടെയും പ്രളയത്തിന്റെയും നഷ്ടങ്ങളുടെയും രൂപം മാറി.
പക്ഷെ കറന്റ്‌ പോയാലുളള ഇരുട്ട്‌ അപ്പോഴുമിപ്പോഴും ഒരേ ഇരുട്ട്‌ തന്നെ.
ഗ്രേറ്റാ തൺബർഗിനെപ്പോലുളള ( Greta Thunberg) കുട്ടികൾ കപ്പലിൽ സഞ്ചരിച്ച് മഹാപ്രളയത്തെക്കുറിച്ചും കാലാവസ്ഥാമാറ്റത്തെക്കുറിച്ചും മറ്റൊരിടത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നു. നമ്മളോ കാല്പനികമല്ലാത്ത മഴക്കാലത്ത് മാർക്കേസിന്റെ മക്കോണ്ടയിലെ ജനങ്ങളെപ്പോലെ മറവി ബാധിച്ച് മറന്ന് മറന്ന്......