Monday, October 11, 2021

എങ്ങനെ നിശബ്ദരാവാം. പൂർണ്ണമായും

ചിലപ്പോൾ ചെറുതും വലുതുമായ നിശബ്ദതതകളെ ഞാൻ സ്വീകരിക്കുന്നു. വലിയ നിശബ്ദത എന്നാൽ നീണ്ടുപോവുന്ന ഒച്ചയില്ലായ്മ. നിങ്ങളവിടെയിരിക്കും. അല്ലെങ്കിൽ നിങ്ങൾ എവിടെയെങ്കിലുമാവും. എങ്ങുമല്ലാതെയുമാവാം. ഒച്ചയില്ല. ഒരു തൂവലിന്റെ കൊഴിച്ചിൽപ്പോലെയോ (അറിഞ്ഞാൽ നിങ്ങളെ കാറ്റുകൊണ്ടുപോവും), ജലനടത്തം പോലെയോ, അനങ്ങാതെ (ജലനടത്തത്തിൽ- അനങ്ങരുത്, അനങ്ങിയാൽ നിങ്ങൾ മുങ്ങിപ്പോവു)ം, എന്നാൽ നിങ്ങൾക്കറിയാം. നിങ്ങളുണ്ട്. നിങ്ങളുണ്ട്. നീണ്ട ഒച്ചയില്ലായ്മയിൽ നിങ്ങളെ എല്ലാവരും മറക്കും. ശില വന്നു നിങ്ങളെ മൂടും. നിങ്ങളുടെ മേൽ പൂക്കളോ, പുഞ്ചിരികളോ, ചെറിയ ഒരിറ്റ് കണ്ണുനീരോ വീഴുകയില്ല. ഹ്രസ്വമായ ഒച്ചയില്ലായ്മയിൽ, നിങ്ങളെ ആളുകൾ അന്വേഷിക്കും. നിങ്ങൾ പിന്നെയും ഒച്ചവെക്കും. അതിനെയും അതിജീവിച്ചാൽപ്പിന്നെ, നിങ്ങൾ കുറേക്കൂടി നിശബ്ദമായാൽ, പിന്നെയാരുമില്ല. ഒന്നുമില്ല. നിങ്ങളുടെ ഒച്ച അത്ര പ്രധാനമല്ല. നിങ്ങളില്ലെങ്കിൽപ്പോലും ഒന്നുമില്ല. ഇനിയഥവാ ഒച്ചവെച്ചാൽ പോലും നിങ്ങളെ പിന്നെയാരും കേൾക്കില്ല.

Friday, October 11, 2019

ഉടലില്‍നിന്നു തെറിക്കുന്ന ഒച്ചകളുടെ തീവണ്ടി:

കഥയെക്കാള്‍ മഹത്തരമായതെന്താണ് എന്നൊരു അന്വേഷണം ആവശ്യമുണ്ടോ? അല്ലെങ്കില്‍ത്തന്നെ ഏറ്റവും മഹത്തരമായതെന്തിനാണ്? ജീവിതത്തോട് സത്യസന്ധത പുലര്‍ത്തുന്ന എന്തിനെയും പുറന്തളളാനാവും- ജീവിതം അതിന്റെ ആവര്‍ത്തനസ്വഭാവം കൊണ്ട് നമ്മെ പുറന്തള്ളുന്നു. വഴിവക്കിലായ മരങ്ങളെപ്പോലെ, ഒറ്റപ്പെട്ട വീടുകളെപ്പോലെ, ജനാലയ്ക്കപ്പുറത്തെ കാഴ്ച്ചകളെപ്പോലെ പിന്തള്ളപ്പെടുന്നു.
അതില്‍ വലിയ വിഷമവുമില്ല. ഏകാന്തതയോളം വരില്ല ഒരു കൂട്ടും. ഇപ്പോഴെങ്ങനെയാണ് ഓർമ്മകളുടെ കാഴ്ച്ചകൾ. അവ ഇൻസ്റ്റാഗ്രാമോളം വരുമോ എന്ന് ചോദിക്കുന്നവരുണ്ടാകും. തീർച്ചയാണ്. നമ്മുടെ കഴിഞ്ഞ വർഷങ്ങൾ മാസങ്ങളെല്ലാം, ഫേസ്ബുക്കോ, ഗൂഗിൾ ഫോട്ടോ ആപ്ലിക്കേഷനോ ഓർമ്മിക്കും പോലെ നമുക്കറിയുമോ. നമ്മുടെ കണ്ണുകൾ ഒരു ക്യാമറയുടെ അതേ മാനകത്താൽ 576 മെഗാപിക്സലുകൾ തീവ്രമാണ്. കണ്ണുകൾ പകർത്തുന്നത്രയും മിഴിവോടെയും മികവോടെയും ഒരു ക്യാമറയ്ക്കുമാവില്ലല്ലോ. മറക്കാനിടയുളളതിനെ മറന്നുകളയുന്ന ആ ക്യാമറയും, മനസ്സെന്ന ഇൻസ്റ്റാഗ്രാമും എത്ര സൌകര്യപ്രദമാണ്. പഴയ പുസ്തകശേഖരത്തെ പുതിയ കഥകളായി വായിക്കാനായി കഴിയുമെങ്കിൽ നല്ലതല്ലേ.  മലയാളി സൈക്കോ യൂ ട്യൂബർ സിനിമാ നിരൂപകനെപ്പോലെ ശരാശരി പുസ്തകം എന്ന് ഗുഡ് റീഡ്സിൽപ്പോയി എല്ലാ പുസ്തകത്തിനും നിരൂപണമിടുന്നവർക്കറിയുമോ ഒരോ പുസ്തകവും അവനവന്റെ കൂടി വായനയാണെന്ന്. എഴുതിയതും വായിക്കുന്നതും തമ്മിൽ കാലവും കാലവർഷവും തമ്മിലെന്നതുപോലെ ആർക്കും മോഷ്ടിക്കാനാവാത്ത ഒരു ഞാറ്റുവേലയുടെ സുകൃതമുണ്ടെന്ന വസ്തുത. അല്പം കാൽപനികമായ ഒരാശ്വാസം. എങ്കിലുമിതാ കഴിഞ്ഞ ഒരു മാസം കൊണ്ട് ആറുപുസ്തകങ്ങൾ വായിച്ചു എന്ന് സംഗീതാ ശ്രീനിവാസൻ ഇൻസ്റ്റാഗ്രാമിലെഴുതുമ്പോൾ നിങ്ങൾക്കൊരാനന്ദം തോന്നുന്നില്ലേ. നിങ്ങളിനിയും വായിച്ചുതീരാത്ത ആ നായച്ചെവിയൻ ഇതളുകളുളള പുസ്തകം കട്ടിലിനുതാഴെ വെറും നിലത്തുകിടന്ന് നിങ്ങളോട് പുഞ്ചിരി തൂകുന്നില്ലേ?

മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം ഇപ്പോഴാരെങ്കിലും വായിക്കുന്നുണ്ടാവുമോ? സെക്രട്ടേറിയറ്റില്‍ ജോലി കിട്ടിയ ഒരു സുഹൃത്ത് ഈയിടയ്ക്ക് അത് വീണ്ടും വായിച്ച കാര്യം എന്നോട് പറഞ്ഞു. നന്നായി. ജെയിംസ് ഹെറിയട്ടിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന് ഒന്നാം വര്‍ഷ വെറ്ററിനറി വിദ്യാര്‍ത്ഥികളോട് ചോദിക്കാറുള്ള ഒരു അധ്യാപകനുണ്ട്. ഇപ്പോഴും അദ്ദേഹം അതുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. (അദ്ദേഹം തുമ്പൂര്‍മുഴി കമ്പോസ്റ്റിലൂടെ കേരളമറിയുന്ന ഡോ: ഫ്രാന്‍സിസ് സേവ്യറാണ്, ഒരുപക്ഷെെയിംസ് ഹെറിയട്ടിനെ വായിച്ച് ആകൃഷ്ടരായി എത്തുന്ന വിദ്യാര്‍ത്ഥികളെ അദ്ദേഹം ഇപ്പോഴും കാത്തിരിക്കുന്നു. ആനിമല്‍ പ്ലാനറ്റും ഡിസ്കവറിയും കണ്ട് വിദൂരമായ വിചിത്രഛേഷ്ടകളോടുകൂടിയ ചിലരെയെങ്കിലും അദ്ദേഹം എപ്പോഴും പ്രതീക്ഷിക്കുന്നു.അതൊക്കെ ഒരു ബാക്ഡ്രോപ്പാണ്.)

പക്ഷെ നിങ്ങൾ ശലഭം പൂക്കൾ aeroplane വായിച്ചിട്ടുണ്ടാവില്ലേ. Did fiction do this to me
 എന്ന് എങ്കിൽ നിങ്ങൾ ചോദിക്കാനിടവരട്ടെ.  ഒരാൾ അയാൾ വായിച്ചുതീർത്ത പുസ്തകങ്ങൾ കൂടിയാണ്. പുസ്തകങ്ങളുടെ രുചി അഭിരുചിയുമാവുന്നു. ഉള്ളിലുളള പുസ്തകത്തെയും വാക്കിനെയും തിരഞ്ഞാണ് നമ്മൾ പുതിയ പുതിയ പുസ്തകങ്ങൾ വായിക്കുന്നത്‌. ഒരു വാക്കിന്റെ ഒച്ചയിലോ പ്രഭാവത്തിലോ നമ്മൾ വായിച്ചുതീരുന്നില്ല ഒരിക്കലും. അമ്പലം കഴിഞ്ഞും നടന്നാൽ വായനശാലയെത്തും. അല്ലെങ്കിൽ അമ്പലമെത്തും മുമ്പാവും വായനശാല. പള്ളിയും പള്ളിക്കൂടവും തമ്മിൽ നല്ല ബന്ധമുണ്ടാവും. കരുനാഗപ്പളളി പോലെ പളളിയിൽ അവസാനിക്കുന്ന പല സ്ഥലങ്ങളും ബുദ്ധപാഠശാലകളെ പിൻപറ്റിയാണ് ആ പേരു നേടിയതെന്ന് ഓർക്കുക. ഒരു പക്ഷെ രാമായണവായനകൾക്കുപോലും ഒരു ബുദ്ധപാരമ്പര്യമുണ്ടാവാം.  നടവളവിലാണു പുസ്തകങ്ങൾ കിട്ടുക. വാരികകൾ. വീട്ടിലെത്തുമ്പോഴേക്കും വായിച്ചുതീർന്നിട്ടുണ്ടാവും. നടന്നുകൊണ്ടാണു വായന. വായിച്ചുതീരാത്ത അച്ഛൻ വളരെ നോവിച്ച പുസ്തകമാണ്. അത്‌ പിജിയെക്കുറിച്ച്‌ എം ജി രാധാകൃഷ്ണന്റെ ഓർമ്മകൾ മാത്രമല്ല. എന്റെയും അച്ഛനാണ്. എന്റെയും തീരാപ്പുസ്തകമാണ്. കാമുകിയുടെ തുടകളേക്കാൾ ക്ഷീണിച്ചുറങ്ങുന്ന അഭയമാണ്. വായിച്ചുറങ്ങുമ്പോഴെല്ലാം എന്റെ ഉറക്കത്തിലും ആ പുസ്തകം വായിച്ചുതീരുകയേയില്ല.

Wednesday, September 18, 2019

കാല്പനികമല്ലാത്ത മഴക്കാലം പെയ്യുമ്പോൾ

മഴയത്ത് ഒറ്റയ്ക്ക് നനഞ്ഞുനിൽക്കുന്ന മരത്തെക്കാൾ സങ്കടകരമായതെന്താണ് എന്ന് നെരൂദ ഒരു കവിതയിൽ ചോദിക്കുന്നുണ്ട്. മഴയെക്കുറിച്ചുളള അതികാല്പനികമായ ഗൃഹാതുരത്വമെല്ലാം നമ്മളെ കുടഞ്ഞുകളയുന്ന പ്രളയകാലമായും ഉരുൾപ്പൊട്ടി വരികയാണ്. ജീവിതത്തിലിത്രകാലം കൂട്ടി വെച്ചതെല്ലാം നഷ്ടമാവുന്ന, വീടും വീട്ടിലേക്കുളള വഴിയും മേൽമണ്ണുവന്ന് മൂടിപ്പോവുന്ന മരണത്തിന്റെ ചിലങ്കയണിഞ്ഞ മഴ.
പ്രണയം ഒരു ചുംബനത്തിലേക്കെത്താനുളള ഏറ്റവും ദൂരമേറിയ വഴിയാണ് എന്നതുപോലെ നനച്ചുതീർക്കുന്ന ജാലകവാതിലിലെ കാഴ്ച്ചയല്ല, മഴ ദുരന്തപ്പെയ്താവുമ്പോൾ.  നമ്മൾക്കിനിയെന്തിനെയാണ് പ്രണയിക്കാൻ കഴിയുക. മഴപെയ്യുമ്പോൾ പുസ്തകം വായിച്ചിരിക്കാനിഷ്ടപ്പെടുന്നവരുടെ, ബെഡ്ഡിലൊന്നുകൂടി പൂണ്ടുകിടന്നുറങ്ങുന്നവരുടെ, ചൂടു കട്ടൻ കാപ്പി കുടിക്കുന്നവരുടെ, കൂടുതൽ പ്രണയച്ചുരങ്ങൾ താണ്ടി ചുംബനങ്ങളുടെ മൂടൽ മഞ്ഞിലലിയുന്നവരുടെ, ഇൻസ്റ്റാഗ്രാമിലേക്ക് മഴച്ചിത്രങ്ങൾ കോർത്തിടുന്നവരുടെ- അങ്ങനെയെല്ലാവരുടെയും മഴയിൽനിന്നുളള ദൂരം കൂടുകയാണ്- അതെ, ഇനിമുതൽ കാല്പനികമല്ലാത്ത മഴക്കാലങ്ങൾ

കർക്കിടകവാവിന്റെ ദിവസത്തെക്കുറിച്ച് ഉണ്ണി ആർ എഴുതിയ വീട്ടുകാരൻ എന്ന  കഥയുണ്ട്. ഒരു കർക്കിടകവാവിൻ ദിനം അവൾക്കിഷ്ടപ്പെട്ട കറികളും ചോറുമൊരുക്കി ഉരുളകളാക്കി വെച്ച് വൈലോപ്പിള്ളിയുടെ കവിതകൾ ചൊല്ലി കാത്തിരിക്കുന്ന പുസ്തകങ്ങൾ നിറഞ്ഞ വീട്ടിൽ കഴിയുന്ന ഒരാളെക്കുറിച്ചുളള കഥ.  ഓർമ്മകൾ കൊണ്ട് ഇനി മഴക്കാലത്തെല്ലാം സ്നേഹത്തിന്റെ തർപ്പണങ്ങൾ.  കാരണം ഈ കർക്കിടകത്തിൽ എത്രയോ പേരങ്ങനെ ഈ പ്രളയത്തിൽ നഷ്ടപ്പെട്ടു. എത്ര പൂവിട്ടാലും അതിലും മികച്ച കുസുമങ്ങളായി ചിതകൊണ്ടെരിഞ്ഞങ്ങനെ നീറുന്ന കവിതയോർമ്മയായങ്ങനെ. ഹാ!

ഒരു കുടയ്ക്ക് താങ്ങാൻ കഴിയാത്ത മഴയുണ്ടായിരുന്നു. ഒരു ചേമ്പിലയ്ക്കോ, ചേലത്തുമ്പിനോ താങ്ങാൻ കഴിയാത്ത മഴയുണ്ടായിരുന്നു. ഇന്നിപ്പോൾ ഭൂമിക്ക് താങ്ങാൻ കഴിയാത്ത മഴയുണ്ടാവുന്നു. ഭൂമി  തന്നെ ചോർന്നൊലിച്ചുപോവുന്നു. കുടത്തുണി കീറിപ്പറന്നുപോയിടത്തുനിന്ന് പ്രാണൻ തന്നെ പാറിപ്പോവുന്നു.
ഒരുകുടം തണ്ണീരുമൊക്കത്തുവെച്ചല്ല ഇപ്പോൾ ഭാസ്ക്കരൻ മാഷുടെ കവിതയിലെ കരിമുകിൽപ്പെൺകൊടി വരുന്നത്.  വയലിനുകളുടെ താഴ്വര എന്ന് മഴ പെയ്യുമ്പോൾ പറയാനുമാവുന്നില്ല.
ഗാഡ്ഗിൽ റിപ്പോർട്ട്,  മഴ പെയ്യുമ്പോഴും പ്രളയദുരന്തമുണ്ടാവുമ്പോഴും വീണ്ടും പി ഡി എഫുകളായി സഞ്ചരിക്കുന്നുണ്ട്. അത് വായിച്ചും വായിക്കാതെയും വിവാദങ്ങളും മറുവാദങ്ങളുമുണ്ടാവുന്നുണ്ട്. വികസനമൌലികവാദവും പരിസ്ഥിതിലോലന്മാരും ഏറ്റുമുട്ടുന്നുണ്ട്.
എല്ലാ‍വരും, വെയിലുദിക്കുമ്പോൾ എന്തൊരു ചൂട് എന്ന് ഉഷ്ണിക്കുന്നുമുണ്ട്. അപ്പോഴും ‘ഒറ്റമിന്നലിൽ വീണ്ടും പഴയ ഞാൻ’ എന്നുചൊല്ലി നമ്മൾ പിന്നെയും മഴകാ‍ത്തിരിക്കില്ലേ? ഒന്നുമില്ലാടിമാസമേ, നിന്നസിതം മുഖം, നീലകേശം, നിലയ്ക്കാത്ത സാന്ത്വനം എന്നൊക്കെയല്ലേ?

ഇക്കൊല്ലത്തെ മഴയിൽ, പേമാരിദുരന്തത്തിൽ അഞ്ചു ദിവസം വരെ ഇലക്ട്രിസിറ്റി ഒറ്റപ്പോക്കിന് ഇല്ലാതായ ഇടങ്ങളുണ്ട്. ഇൻവെർട്ടറുകളും ബാറ്ററികളും ഒക്കെ നിഷ്ഫലമായ നേരം. മെഴുകുതിരികൾക്ക് വലിയ ക്ഷാമം നേരിട്ടു എന്ന് ചില പീടികക്കാർ എന്നോട് പറഞ്ഞു. മെഴുകുതിരി വെട്ടങ്ങൾ കൈകൂപ്പി നമുക്ക് നേരേയും , നമ്മൾ അവരുടെ നേർക്ക്‌ മിഴികൾ കൊണ്ടും. പഴയ കാലത്തെ പലരും ഓർത്തിട്ടുണ്ടാവും. ചിമ്മിണി വെട്ടവും,  അരിക്കലാമ്പും,മെഴുകുതിരിയും, എരിഞ്ഞുപുകഞ്ഞു കെട്ടുപോകുന്ന അടുപ്പും, കഞ്ഞിപ്പാത്രവുമെല്ലാം പിന്നെ ശാപമുക്തി ലഭിച്ചു തിരികെ വരും പോലെ. അതുപോലെ
മുങ്ങിക്കുളിയും നീന്തലും, വയൽപ്പണിയുമൊക്കെ മടങ്ങിവരുമോ? ഇരുട്ടായിരുന്നു. വൈദ്യുത വിളക്കുകൾ എത്തിയിട്ടില്ല, തൊടുപുഴയ്ക്കപ്പുറം ഇടുക്കിയിൽ മനുഷ്യപാദസ്പർശമേറ്റിട്ടില്ല, കോഴിക്കോടിനപ്പുറം വയനാടില്ല, അപ്പോൾ കാട്ടിൽ ഉരുൾപ്പൊട്ടിയാലോ മഴ പെയ്താലോ ആരറിയാൻ. മലവെളളം നിറഞ്ഞുവരുന്നതൊക്കെ കുടിയേറ്റക്കാരുടെ ഓർമ്മകളിലുണ്ട്‌. ഇരുട്ട്‌ വീണ്ടും അറിയാൻ കഴിഞ്ഞതിപ്പോഴാണെന്നു പറഞ്ഞല്ലോ. മുമ്പ്‌ തീപ്പെട്ടിക്കൊള്ളി ഉരച്ചു ഇരുട്ടിനെ താൽക്കാലികമായി ഒന്നു വെട്ടപ്പെടുത്തലായിരുന്നു, ചൂട്ടുകറ്റ കൊണ്ടുപോകാൻ മെനക്കെടാത്തവരൊക്കെ. അങ്ങനെ തീപ്പെട്ടിയുമായി നടക്കുമ്പോൾ നേരം പോക്കിനു ഒരു കെട്ട്‌ ബീഡിയും വാങ്ങും. ബീഡി വലിയും അങ്ങനെ ശീലമാവും. ഉച്ചയൂണ് തരപ്പെടണമെന്നേ ഉണ്ടാവൂ. ഇച്ഛാഭംഗങ്ങളും വിഭ്രമങ്ങളും ചിത്തഭ്രമവും അപ്പോഴുമധികമാണല്ലോ. എല്ലാ വീട്ടിലും ചങ്ങലയ്ക്കിട്ടൊരാളുണ്ടാവും , അല്ലെങ്കിൽ പരിചയത്തിലെങ്കിലും, അങ്ങനെയാണല്ലോ ഭ്രാന്തൻ വേലായുധനെക്കുറിച്ച്‌ എം ടിക്ക്‌ നമ്മളോട്‌ എളുപ്പമെഴുതാനായത്‌. ടോർച്ച്‌ കയ്യിലുളളവർക്ക്‌ അത്‌ പണയം വെക്കാനാവുമായിരുന്നു. പന്ത്രണ്ടണയൊക്കെ പണമുതൽ ഒപ്പിക്കാം. അരയണ ലൊടുത്താൽ ഊണു കിട്ടും. മേലേയിടുന്ന തോർത്തു വരെ പണയം വെക്കാം.
പഴയ മഴയുടെ കാലത്ത്‌, പോതിയുണ്ടാരുന്നു,ഇപ്പോ ആൾ ദൈവങ്ങളായി. മഴയുടെയും പ്രളയത്തിന്റെയും നഷ്ടങ്ങളുടെയും രൂപം മാറി.
പക്ഷെ കറന്റ്‌ പോയാലുളള ഇരുട്ട്‌ അപ്പോഴുമിപ്പോഴും ഒരേ ഇരുട്ട്‌ തന്നെ.
ഗ്രേറ്റാ തൺബർഗിനെപ്പോലുളള ( Greta Thunberg) കുട്ടികൾ കപ്പലിൽ സഞ്ചരിച്ച് മഹാപ്രളയത്തെക്കുറിച്ചും കാലാവസ്ഥാമാറ്റത്തെക്കുറിച്ചും മറ്റൊരിടത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നു. നമ്മളോ കാല്പനികമല്ലാത്ത മഴക്കാലത്ത് മാർക്കേസിന്റെ മക്കോണ്ടയിലെ ജനങ്ങളെപ്പോലെ മറവി ബാധിച്ച് മറന്ന് മറന്ന്......

Tuesday, January 27, 2015

പ്ലാസ്റ്റിക് പെറുക്കുന്ന കുട്ടി (അതായത് മാവോ ഒരു പൂന്തോട്ടക്കാരനാണ്)

Your children are not your children.
They are the sons and daughters of Life's longing for itself: Khalil Gibran
അതെയതേ, നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ കുട്ടികളല്ല. അവർ ജീവിതത്തിന്റെ തീക്ഷ്ണമായ അഭിവാഞ്ചയുടെ മക്കളാണ് എന്ന ഒരു നല്ല വാചകം പറഞ്ഞ് മാത്രമേ തുടങ്ങാൻ കഴിയൂ. നാളത്തെ പൌരന്മാർ എന്ന് വിചാരിക്കുന്നവരെ ഉരുപ്പടിപോലെ ഉരുട്ടിയെടുത്ത് പ്രവൃത്തിപ്പിക്കാമെന്നൊക്കെ വിചാരിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

കുട്ടികളെക്കുറിച്ചാണല്ലോ പറയുന്നത്. കുട്ടികളുടെ നെഹ്രു കുട്ടികൾക്കെഴുതിയ കത്തിൽ ഉപദേശങ്ങളെക്കുറിച്ച് പറയുന്നു:I remember that I disliked this very much long ago when I was a boy. So I suppose you do not like it very much either. Grown-ups also have a habit of appearing to be very wise, even though very few of them possess much wisdom.
പിള്ളേരോട് സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ പറയാൻ നല്ല രസമാണ്. അവർക്കത് നൽകാത്തിടത്തോളം. എന്ത് പരീക്ഷിച്ചാലും അത് കുട്ടികളുടെ മേൽത്തന്നെ വേണം എന്ന് പണ്ടേ വലിയ നിർബന്ധമാണ്. കതിരിന്മേൽ വളം വെക്കുന്നത് ഒരു നാടുവാഴിഫാഷനല്ലല്ലോ. സോറി, അല്ല, അതും ഒന്ന് ഓർത്തുപോയതാണ്.

മുതലയുടെ വായ വൃത്തിയാക്കിക്കൊടുക്കുന്ന ഒരു കൊക്കിനെക്കുറിച്ച് കേട്ടതുപോലെയുണ്ട്. പ്ലാസ്റ്റിക്കും ജൈവമാലിന്യവും വാരിയെടുത്ത് നാടിനെ രക്ഷിക്കാൻ പെടാപ്പാടുപെടുന്ന മതേതര ഇടതുപക്ഷ രാഷ്ട്രീയക്കാരെക്കാണുമ്പോൾ. മുതലയുടെ വായിൽനിന്ന് വിശപ്പടക്കാൻ കഴിയുന്നത്രയും വേണോ അടവുനയം? ഓ! മാറുന്ന സമൂഹത്തിൽ എന്താണ് ട്രെൻഡ് എന്ന് കണ്ടുപിടിക്കുക അത്ര എളുപ്പമല്ലല്ലോ. ട്രെൻഡിങ്ങ് അല്ലാത്തതിനെ ആരാണ് ലൈക്കടിക്കുക?



ആഗോളവൽക്കരണത്തിന്റെ ഒരു പുകമറ അഥവാ സ്മോക്ക് സ്ക്രീനുണ്ട് നമ്മുടെ സമൂഹത്തിൽ. പ്ലാസ്റ്റിക് ഉപയോഗത്തിലും, അത് ഒരു മാലിന്യമായി മാറുന്നതിലും ഈ പുകമറ ഒരു മറപിടിക്കുന്നുണ്ട്. അതാണ് ശരിക്കും ഉത്തരവാദിത്ത്വമില്ലാത്ത വ്യവസായങ്ങളെ തൊഴിലവസരങ്ങളുടെ പേരിലും, വികസനത്തിന്റെ പേരിലും മൂന്നാം ലോകത്ത് അഴിഞ്ഞാടാൻ ഇടനൽകുന്നത്. അല്ലെങ്കിലും പാവപ്പെട്ടവർ പട്ടിണിയെക്കുറിച്ചാണല്ലോ ആദ്യം കോൺഷ്യസാവുക! അവരിൽ ഒരു ഇക്കോ കോൺഷ്യസ്നസ് വളർന്നുവരണം എന്ന് ചിന്തിക്കുന്നതിൽ‌പ്പോലും ഒരു ക്ലീൻ/അൺക്ലീൻ എന്ന മോറൽ സോഷ്യൽ ഫാബ്രിക്കേഷനുണ്ട്. അത് എന്തെങ്കിലുമാവട്ടെ. എന്നാലും ഇത്രയും കഷ്ടപ്പെടണോ? നവരാഷ്ട്രീയത്തിലൂന്നിനിൽക്കുന്നത് എന്നുകരുതുന്ന പല ഇടപെടലുകളും അരാഷ്ട്രീയവിഷയങ്ങളിലൂന്നി നിൽക്കുകയും അതിലൂടെ നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാവും എന്നു ലളിതമായി വിശ്വസിച്ചുവശപ്പെടുകയും ചെയ്യുന്നു.

അതും എന്തെങ്കിലുമാവട്ടെ. അഴിമതിനിറഞ്ഞ സർക്കാർ സംവിധാനങ്ങളെ ഒട്ടും പരിഷ്കരിക്കാൻ കഴിയുന്നില്ല എന്നത് തൽക്കാലം മറന്നേക്കാം. സർവ്വ രാഷ്ട്രീയക്കാരും സമൂഹത്തിൽ ഇറങ്ങിക്കളിക്കാൻ തീരുമാനിച്ചിരിക്കുന്നു. അവർ അങ്ങനെ ഇടപെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

ഫൂക്കോയെ കുറച്ച് വഴിവിട്ട് വായിക്കാമെങ്കിൽ ഇതിനൊക്കെ പ്രേരിപ്പിക്കുന്ന ഭൂതകാലചിന്ത പ്രധാനം ചെയ്യുന്ന ഒരു അദൃശ്യ അധികാരകേന്ദ്രമായി മാറാൻ പ്രത്യയശാസ്ത്രം പാടുപെടുന്നു; അഥവാ ഭൂതകാല മേൽക്കോയ്മയ്ക്ക് പിന്തുടർച്ച അന്വേഷിക്കുന്ന ആറാം തമ്പുരാന്മാരാണ്.

മുതലാളിത്തം അതിസുന്ദരമായി ഇടപെടുന്നു. പച്ചക്കറിക്കടയിൽ‌പ്പോലും സിസിടിവികളുടെ സാന്നിധ്യത്തിൽ നമുക്കൊരു പ്രശ്നവുമില്ല. സ്വകാര്യത ആരുടെയും പ്രശ്നമേയല്ല. എന്നാൽ അവർ തരുന്ന പ്ലാസ്റ്റിക് നമ്മുടെ പ്രശ്നമാവുകയും ചെയ്യുന്നു. എന്നാൽ ഇതേ പ്ലാസ്റ്റിക് മുതലാളിക്ക് ഒരു പ്രശ്നമേയല്ല. ആരുടെ വിഷയമാണ് സമൂഹത്തിൽ ചർച്ചയാവേണ്ടതെന്ന് അവർ തീരുമാനിക്കുന്നു. അതിന് അവർ സ്ഥാപനശക്തി ഉപയോഗപ്പെടുത്തുന്നു. അദൃശ്യ അധികാരകേന്ദ്രങ്ങളെ നല്ലരീതിയിൽ പിന്തുണയ്ക്കുന്നു. പാവം പൌരന്മാർ അധികാരശൂന്യരാവുകയും ചൂലെടുക്കുകയും, പ്ലാസ്റ്റിക്ക് പെറുക്കുകയും ചെയ്യുന്നു.



വ്യക്തികൾ അത്ര പ്രധാനമല്ല, വർഗമാണ് പ്രധാനം.  സംഘടിപ്പിക്കാൻ കഴിയുന്ന പ്രശ്നങ്ങളിലും അവയുടെ പരിഹാരങ്ങളിലും ഇടപെടുന്നതിൽ ഒരു രസമുണ്ട്. വ്യക്തികൾ വളരെ നിശിതമായ ഒരു സങ്കേതമാണ് കേരളസമൂഹത്തിൽ; അതുകൊണ്ടാണല്ലോ ഒരു പ്രത്യയശാസ്ത്രത്തിനും അത് കീഴ്പ്പെടാത്തത്; എല്ലാത്തരം പാമ്പുകൾക്കും ഇവിടെ മാളമുള്ളത്. വോട്ടർമാർ എന്നനിലയിൽ എങ്ങനെ വ്യക്തികളെ സാമൂഹികമായി സംഘടിപ്പിക്കാം എന്ന പരീക്ഷണമാണ് സത്യത്തിൽ അരങ്ങേറുന്നത്. അല്ലാതെ ഇത് എല്ലാത്തിന്റെയും അവസാനവുമല്ല, മഹത്തായ തുടക്കവുമല്ല. പൊട്ടിത്തകർന്നുപോയതോ, ഉപയോഗശൂന്യമായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വസ്തുക്കളെ ആരും സ്വീകരിക്കാൻ തയ്യാറാവുകയില്ല. അതിൽനിന്നും സാർഥകമായ ഒന്ന് സാധ്യമാണെന്ന് തോന്നിപ്പിക്കുന്നത്, കുറച്ചുകൂടി സ്റ്റൈലനായി ദ്യോതിപ്പിക്കുന്നത് ഒരു സൈക്കോ-സോഷ്യൽ ഇമ്പാക്ട് നൽകുന്നുണ്ട്. ആകാശം നീലയാവുന്നതുപോലെ എത്രയെളുപ്പമാണ് എല്ലാം കുട്ടികളിലൂടെ സാധിക്കുന്നത്. അഥവാ എല്ലാവരും കൂട്ടുപ്രതികളാവുന്ന ഒരു കുറ്റവും ശിക്ഷയുമാണ് നടപ്പിലാവുന്നത്. മാലിന്യം നിർമ്മിച്ചവരും, അത് വലിച്ചെറിഞ്ഞവരും, അത് ഏറ്റുവാങ്ങിയവരും, അത് കണ്ടുനിന്നവരും എല്ലാവരും പെട്ടെന്ന് പശ്ചാ‍ത്താപ വിവശരാവുന്നു, എന്നാൽ ആർക്കും ഇതിൽനിന്ന് മോചനവുമില്ല. ആകപ്പാടെ ഒരു കരിസ്മാറ്റിസം, പാപികളുടെ നിർവ്വാണപൂർത്തി. ഹോ! എന്തൊരു ഉട്ടോപ്പിയ! അതും പെറ്റി ഒഫൻസുകളെ മാത്രമാണ് നമ്മൾ കുട്ടികളുടെ കണ്ണുകളിൽക്കൂടി കാലിഡോസ്ക്കോപ്പിൽക്കാണുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

 

സീറോ പ്ലാസ്റ്റിക്: ഇതൊരു സാമൂഹ്യ ഇടപെടലാണ്; കുട്ടികളെ ചൂഷണം ചെയ്യലല്ലപ്ലാസ്റ്റിക്കുകളാല്‍ സമ്പന്നമായ നമ്മുടെ ജീവിതം അഥവാ വിഷം തീറ്റക്കാര്‍മലയാളിയുടെ മാലിന്യ (ജാതി) യുക്തി മാറേണ്ടതുണ്ട്പ്ലാസ്റ്റിക്കും കുട്ടികളും: ആലപ്പുഴ പരീക്ഷണം ഉയര്‍ത്തുന്ന ആശങ്കകള്‍ഇനി വരുന്നൊരു തലമുറയ്ക്ക് സിവിക് സെൻസും പാപമോ?ശുചിത്വ കേരളം: സി.പി.എമ്മിന്റെ മുന്നൊരുക്കങ്ങള്‍ വിജയം കാണുമോ?

സത്യത്തിൽ നെഹ്രു പറഞ്ഞതുപോലെ കുട്ടികളെ അവരുടെ പാട്ടിനുവിട്ടാൽ എന്താണ് കുഴപ്പം. അപ്പോൾ അവർ നമ്മുടെ അഭിവാഞ്ചയുടെ മക്കളാവുമോ? ആവില്ലായെങ്കിൽ എന്താണ് കുഴപ്പം. ജീനിയോളജിക്കലായി ഒരു സമൂഹത്തിന് നിലനിൽക്കാൻ അത്രയും ദുരാഗ്രഹമുണ്ടോ? അതിനു പ്രേരിപ്പിക്കുന്ന ഒരു രാഷ്ട്രീയപ്പാർട്ടിക്ക് അരാഷ്ട്രീയസമൂഹത്തിനെ വോട്ടിൻ വഴിയെ നടത്തിക്കാനാവുമോ? ആവോ..

“Man transforms raw materials into commodities and commodities into garbage” - Herman Daly. ഇങ്ങനെ പറഞ്ഞത് ആരായാലും കുട്ടികളേ; മനുഷ്യനായതിൽ ഖേദിക്കൂ. പുസ്തകങ്ങൾ വായിക്കുന്നതിലും കൂപ്പൺ കളക്ട് ചെയ്യുന്നതിലും നല്ലത് അതാണ്. അതുമാത്രമല്ല, എല്ലായിടത്തും എന്താണ് കാണുന്നത്. മറ്റൊന്നുമല്ല ചവർ, ചവർ മാത്രം. അപ്പോൾ നമ്മുടെ നാഗരികതയെ എല്ലാവരും എത്രമാത്രം സ്നേഹിക്കുന്നു- സെല്ഫിയെടുക്കാൻ രൂപപ്പെടുത്തിയിട്ടുള്ളത് എന്ന മട്ടിൽ.

അങ്ങനെയൊരു സെല്ഫി ജനറേഷന് പൊട്ടിയ ജനാലച്ചില്ലുകളെ ഭയമായിരിക്കും. സമൂഹത്തിൽ അത് അക്രമം പരത്തും എന്നതിനാൽ എല്ലാം ഭംഗിയായിരിക്കുന്നു എന്ന് പെട്ടെന്ന് വന്നുപറഞ്ഞുതരികയാണ്, വോട്ടെണ്ണലുകാർ. ആഹാ എത്ര സുന്ദരമാണ് പൊട്ടാത്ത ജനാലച്ചില്ലുകൾ. അതുകൊണ്ട് ഒരു പക്ഷെ കുട്ടികൾ വിചാരിക്കുക മാവോ ഒരു പൂന്തോട്ടക്കാരനാണെന്നാവും. ആശയങ്ങളുടെ ആയിരം പൂക്കൾ വിരിയട്ടെ എന്നൊക്കെ ഒരു പൂന്തോട്ടക്കാരനല്ലേ പറയാൻ കഴിയൂ?

തല്‍ക്കാലം ബഷീറിനെയും മാധവിക്കുട്ടിയെയും കുറിച്ച് പറയാമല്ലോ

നമ്മള്‍ തിരഞ്ഞെടുക്കാനാഗ്രഹിക്കാത്തതും എന്നാല്‍ നമ്മുടേതായ സ്വത്വത്തോടുമുള്ള അതൃപ്തി, അതിനെച്ചൊല്ലിയുള്ള അവകാശപ്പോരാട്ടത്തിന് വഴിതെളിക്കും. അത് സ്വാഭാവികമാണ്. സാംസ്‌ക്കാരികമായ സ്വത്വബോധമെന്നത് സാമൂഹികവും മാനസികവുമാണെന്ന് സിസെക് എഴുതുന്നു. Who am I എന്ന ചോദ്യം അതീവദുരൂഹമാവുന്നത് ആദ്യമായല്ല. ഗൌതമന്‍ ബുദ്ധനാവുന്നത് അത്തരമൊരു ചോദ്യത്തിലാണ്. രത്‌നാകരന്‍ വാത്മീകി ആവുന്നതും അത്തരമൊരു ചോദ്യത്തിലാണ്. താനെല്ലാം നല്ലതുപോലെ പഠിക്കുന്നു, ശ്രദ്ധിക്കുന്നു എന്ന് ക്ലാസിലെ ഒരു കുട്ടി അഭിനയിക്കുന്നതായി സാര്‍ത്ര് സങ്കല്പിക്കുന്നുണ്ട്. അപ്പോള്‍ നമ്മള്‍ ഭാവിക്കുന്നതാണ് സ്വത്വം എന്നും വരുന്നു. അങ്ങനെയൊരു അഭിനയം ഉദാത്തീകരിക്കപ്പെട്ട ഒരു പ്രതിഛായ നല്‍കുന്നു എന്ന വ്യാമോഹം സമ്മാനിക്കുന്നുണ്ട്. എപ്പോഴും അപകടത്തിലാകാവുന്ന വിഡ്ഡികളുടെ കപ്പല്‍ യാത്രയാണിതെന്ന് ഫൂക്കോ പറയുന്നു. സ്വത്വം മൂലം ഒരധികാരവും കൈവരുന്നില്ലെന്നും അധികാരം കൈവശത്താക്കാവുന്ന സ്വത്തല്ല, മറിച്ച് അതൊരു പ്രയോഗമോ ഇടപെടലോ ആണെന്നും വരുന്നു. സ്വത്വം എന്നത് സ്വന്തമായുള്ളതല്ലെന്നും അതും സാമൂഹികമായി നിര്‍മ്മിക്കപ്പെടുന്നതാണെന്നും ആയിപ്പോവുന്നു. അപ്പോള്‍ വിഡ്ഡികള്‍ കപ്പലില്‍ നിന്ന് രക്ഷപെടുന്നു. തന്നെത്തെന്നെ കണ്ടെത്താന്‍ കഴിയാത്ത ഒരു ഉത്ഭവത്തിലും അവര്‍ക്ക് താല്പര്യമില്ലാതെയാവുന്നു. അതുകൊണ്ടാണ് ചരിത്രം ചത്തുപോവുന്നതും അതിനുശേഷം ജീവിക്കുന്നവര്‍ക്ക് കഴിയുന്നത്ര ആത്മകഥാംശത്തോടെയും അനുതാപത്തോടെയും അത് വിവരിക്കാന്‍ കഴിയുന്നതും. ഇങ്ങനെയാണ് പല ചരിത്രങ്ങളുണ്ടാവുന്നത്. പല രാമായണങ്ങളുണ്ടാവുന്നത്.

ഇത് തന്നെയാണ് ലിംഗപരമായ വായന മാത്രമാണ് സാഹിത്യത്തില്‍ അന്വേഷിക്കാനുള്ളത് എന്നുകരുതുന്നതിന്റെ അപകടവും.



നമ്മള്‍ ഭാഷയെ ഉപയോഗിക്കുന്നത് പോലെ ഭാഷ നമ്മളെയും ഉപയോഗിക്കുന്നു എന്നതാണ് അത്ര സൂക്ഷ്മമല്ലാത്ത സത്യം. ഭാഷ, അതിലെ വാക്കുകള്‍, വ്യാകരണം എന്നിവ നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ നോര്‍മേറ്റീവ് ആണ്. അതില്‍ ഒത്തുപോകാനാവാത്ത കലാപസാധ്യത ഒട്ടും തന്നെയില്ല. എന്നാല്‍ ഭാഷയെ നമ്മള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പൊരുളുകളും ധ്വനികളും മാത്രം മാറ്റം വരുത്തുന്ന, മരണക്കിണറിലും സാധാരണനിരത്തിലും ഓടിക്കാവുന്ന ഒരു മോട്ടോര്‍ സൈക്കിളാവുന്നു ഭാഷ, അത്രയും നിസാരമാണ്. പിന്നെ അതെന്തുകൊണ്ട് അലോസരപ്പെടുത്തുന്നു: ഭാഷ അതുമാത്രമല്ല, അത് അനുകരണം കൂടിയാണ്. എല്ലാ അഞ്ചാമത്തെയും കുട്ടി ചൈനീസ് സംസാരിക്കുന്നു എങ്കില്‍ക്കൂടി നമ്മുടെ കുട്ടി ചൈനീസ് സംസാരിക്കില്ല, കാരണം അവന് ലഭിക്കുന്ന ഭാഷ ചൈനീസല്ല. ഇതുതന്നെയാണ് നമ്മുടെ ബോധ്യങ്ങളുടെയും പ്രശ്‌നം. അത് ബോധപൂര്‍വ്വം ഉണ്ടാവുന്നതല്ല. അത് തീര്‍ച്ചയായും ഒരു മാപ്പപേക്ഷയില്‍ തീര്‍ക്കാവുന്ന പ്രശ്‌നമാണ്. അത് പ്രശ്‌നവല്‍ക്കരിക്കുമ്പോഴാണ് അക്ഷരത്തെറ്റ് ഒരു തെറ്റല്ല എന്ന് മനസിലാവുക. ഭാഷ നമ്മളെ ഉപയോഗിക്കുന്നത് നമ്മള്‍ പോലും തിരിച്ചറിയാത്ത തരത്തിലാണെന്ന് ബോധ്യം വരിക. അതുമാത്രമല്ല വ്യാഖ്യാനത്തിന്റെയോ ദുര്‍വ്യാഖ്യാനത്തിന്റെയോ (Hermeneutics) സാധ്യതകളിലൂടെ ഭാഷ നമ്മളെ ഉപയോഗപ്പെടുത്തുകയാണ്. വീണ്ടും ഒരു രക്ഷയുമില്ലാതെ ലിംഗം കിടന്നു പിടയുകയാണ്.

ലിംഗസ്വത്വത്തില്‍ പണി തരുന്ന സര്‍വ്വരും ലിംഗത്തെ ഒരു ചരിത്ര സംജ്ഞയായി കണക്കാക്കുന്നു. കണക്കുതീര്‍ക്കാന്‍ ഒരുമ്പെടുന്നു. പക്ഷെ ചരിത്രം ചത്തതല്ല, അത് വര്‍ത്തമാനവുമാണെന്നും അതിന് അനാട്ടമി ഇല്ലയെന്നും അറിയുന്നില്ല. അഥവാ മറച്ചുവെക്കുന്നു. അതും ഭാഷ നമ്മളെ ഉപയോഗപ്പെടുത്തുന്ന ഒരു ഏരിയയാണ്.

മറ്റൊന്ന് നമ്മുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. ആണ്‍-പെണ്‍, മിശ്രലൈംഗികത, ഭിന്നലൈംഗികത, എന്നിവയൊക്കെയും സ്വത്വപരമായ തിരഞ്ഞെടുപ്പാവുകയും ഏതുരീതിയിലേക്കും മാറാവുന്ന തരം സ്വാതന്ത്ര്യം നമ്മെ പിന്തുടര്‍ന്നു കീഴ്‌പ്പെടുത്താത്ത റിസ്‌ക് സമൂഹത്തില്‍, (മുന്‍ധാരണകള്‍ ദാരുണമായി തോല്‍ക്കുകയാണ്) പെണ്ണുങ്ങള്‍ തീരുമാനിക്കുന്ന കളിനിയമങ്ങള്‍ സാമൂഹിക ഇടപെടലിനെ മാറ്റിമറിക്കുന്നു. ഏതെങ്കിലും നോവല്‍/ കഥ/ കവിത അത് ഏതു ഭാഷയിലേതുമാവട്ടെ, ലേഡീ ചാറ്റര്‍ലീസ് ലവര്‍ എഴുതിയ ആള്‍ ക്ഷയം വന്നുമരിച്ചു എന്നതും മറ്റൊരു ഭിന്നസൂചനയാണ്, എത്ര വമിപ്പിക്കുന്ന ലിംഗപ്രേരണകള്‍ അതിലുണ്ടായാല്‍പ്പോലും (ഉദാഹരണത്തിന് ഫക്ക് എന്ന വാക്ക് അതില്‍ എത്രയോ ആവര്‍ത്തി വായിക്കുന്നുണ്ട്, അത് അക്കാലത്തെ സദാചാരവിമര്‍ശനം സാമ്പാറാക്കി ആവോളം ആസ്വദിച്ചെഴുതി). ഒരു സ്വാതന്ത്ര്യവും കീഴ്‌പ്പെടുത്തുന്നില്ല, അത് അതില്‍നിന്നും അതിജീവിക്കുകയാണ്. അഥവാ സ്ത്രീസ്വാതന്ത്ര്യം ലൈംഗികസ്വാതന്ത്ര്യം മാത്രമല്ലാത്ത രീതിയില്‍ റൂള്‍ ഗേള്‍സ് തിയറി പൊളിഞ്ഞു പാളീസാവുമ്പോള്‍, കുടുംബം അതിനങ്ങനെയൊരു പേരില്ലെങ്കില്‍പ്പോലും, മതാത്മകമായ കല്യാണമുണ്ടായില്ലെങ്കില്‍പ്പോലും നിലനിന്നുപോവുന്നു.

സ്വത്വമെന്നത് പ്രതികരണാത്മകമായ ഒരു ഇടപെടല്‍ മാത്രമാണ്. അത് എപ്പോഴും മുഴച്ചുനില്‍ക്കുന്ന ഒന്നല്ല. അതിനെ ആനമുടി പോലെയോ എവറസ്റ്റ് പോലെയോ ഒരു വെല്ലുവിളിയായി കാണേണ്ട ആവശ്യവുമില്ല. കാരണമുണ്ട്. അങ്ങനെയല്ലെന്ന് വിശ്വസിക്കുന്നവര്‍ രാജ്യത്തിന്റെയത്രയും വലിപ്പമുള്ള മാപ്പ് വേണമെന്ന് വാശിപിടിക്കുന്നവരാണ്. ലിംഗപരമായ പ്രസക്തി പുരുഷസമൂഹം നിര്‍ദേശിക്കുന്നതുപോലെ 'ചരക്കാ'വുക എന്നതാണെങ്കില്‍ ചരക്കുകള്‍ക്ക് അത് പകര്‍ന്നുനല്‍കുന്ന ആത്മവിശ്വാസത്തെ സംബന്ധിച്ചും ലിംഗാധികാരചോദനയെക്കുറിച്ചും റിഫ്‌ലക്‌സീവ് ആകേണ്ടതല്ലേ. അങ്ങനയൊരു ചിന്ത ഇല്ലാതാവുന്നതും പുരുഷനില്‍ നിന്ന് പിടിച്ചെടുക്കേണ്ടതും സ്ത്രീയില്‍നിന്നും ഒഴിച്ചുനിര്‍ത്തപ്പെട്ടതാണ് അധികാരമെന്നു കരുതുന്നതും വളരെ സൌകര്യപ്രഥമാണ്. മനസില്‍ തോന്നുന്നമാത്രയില്‍ത്തന്നെ വ്യഭിചാരം ചെയ്തുകഴിഞ്ഞു എന്ന് കുറ്റപ്പെടുത്തുന്ന ക്രിസ്തു, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് സൂപ്പര്‍ ഇന്‍ഡന്റ് ചെയ്യുകയാണ്.

എല്ലാ ദിവസവും പള്ളിമണി മുഴങ്ങണമെന്ന് ധരിക്കുന്ന ഒരു മതാത്മകമായ ധ്വനിയാണ് ലിംഗപരമായ ഭാഷയെക്കുറിച്ചും തോന്നുക. അത് ഇത്രമാത്രമേയുള്ളൂ: ഉദാഹരണത്തിന് മുസ്ലിങ്ങള്‍ തീവ്രവാദികളല്ല എന്ന് മുസ്ലിങ്ങള്‍ പറയുന്നതും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നതും തമ്മില്‍ എന്താണ് വ്യത്യാസം. തിരുകിക്കയറ്റിയ അര്‍ത്ഥങ്ങളെക്കൊണ്ട് ഭാഷയെ ഉപയോഗിക്കുന്ന നമ്മളെ ഭാഷ ഉപയോഗിക്കുകയാണ്; അത് പ്രതികരണത്തോടുള്ള പ്രതികരണത്തെ സ്വയം ധ്വനിപ്പിക്കുന്നുണ്ട്. നിശ്ചയമായും അങ്ങനെയൊരു അപകടം കാംക്ഷിക്കുന്നില്ലയെങ്കിലും.

സ്വകാര്യത എന്നത് വ്യഭിചരിക്കാനുള്ളതും, അഭിപ്രായസ്വാതന്ത്ര്യം എന്നത് നുണ പറയാനുള്ളതും, മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം കപടദൈവങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും ആകുന്നത് റിസ്‌ക് സമൂഹത്തിന്റെ ഭാഗമാണെന്ന് സിസെക് പറയുന്നുണ്ട്. കുടുംബം പാട്രിയാര്‍ക്കലാവുകയും, ഇണയെ ലൈംഗികമായി തൃപ്തിപ്പെടുത്തുക എന്ന ചിന്താഭാരം പുരുഷനില്‍ അധോബോധമാവുന്നതും നിമിത്തം വലിപ്പമില്ലായ്മയും, ശീഘ്രസ്ഖലനവും ഡോക്ടറോട് ചോദിക്കേണ്ട പ്രശ്‌നങ്ങളാവുന്നു. സഫേദ് മുസ്ലിയും പവര്‍മാള്‍ട്ടും ജീവന്‍ടോണും ഇത്തരമൊരു ലൈംഗികതയെ വിപണിവല്‍ക്കരിക്കുകയാണ്. ഈ ലൈംഗിക ഭീതി ഒഴിവാകുന്നത് റൂള്‍ ഗേള്‍സ് പുരുഷന്മാരുടെ പാപങ്ങള്‍ക്ക് മോചനം തരുന്നതുവഴിയാണ്. ലൈംഗികതയെ ഏറ്റെടുക്കുന്ന റിഫ്‌ലക്‌സിവിറ്റി അവര്‍ പ്രകടിപ്പിക്കുന്നു. പുരുഷനെ ഉദ്ധരിപ്പിക്കുന്നത് എന്ന് കരുതുന്ന സദാചാരവിരുദ്ധ വസ്ത്രരീതിയെ അവര്‍ എതിര്‍ക്കുന്നു. വസ്ത്രം സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കുന്നു. പുരുഷനെ പ്രലോഭിപ്പിക്കേണ്ട പെറ്റി ആവശ്യം അവള്‍ക്കില്ലാതെയാവുന്നു. പുരുഷലിംഗത്തിന് ഇനി സ്വസ്ഥമായി മുള്ളാം. ഉദ്ധരിക്കാത്തത് ഒരു കുറ്റമേയല്ല. ആണത്തം അതുമൂലം ചോര്‍ന്നുപോവാനിടയില്ല.

അതായത് സ്ത്രീയെ ലൈംഗികമായി മോചിപ്പിക്കാനല്ല, പുരുഷനെ മോചിപ്പിക്കാനാണ് സ്ത്രീകള്‍ ശ്രമിക്കുന്നത്. വെല്‍ക്കം ടും ഊട്ടി, നൈസ് ടു മീറ്റ് യൂ. കാരണം നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഊട്ടിയെക്കുറിച്ച് ഒന്നുമറിയില്ല. പുരുഷനെ ലൈംഗികമായി മോചിപ്പിക്കുന്ന സ്ത്രീസുഹൃത്തുക്കള്‍ എത്ര നല്ലവര്‍ എന്നേ കരുതാന്‍ കഴിയൂ. എന്നാലോ സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഒരൊറ്റപദം മൂലം സകല ഉത്തരാധുനികചിന്തയെയും അട്ടിമറിച്ചിരിക്കുന്നു. പിന്നാമ്പുറത്തെ കാലിത്തൊഴുത്തിലേക്ക് മുള്ളിക്കൊണ്ട് ചുരത്തിനില്‍പ്പുണ്ട് ആ ഒരൊറ്റ പദപ്രഹേളിക. അല്ല, മുള്ളാനുള്ളത് നിങ്ങളോട് എന്തു ചെയ്തു. ചെറിമരത്തിന്റെ മൂട്ടില്‍ ആരാണ് മുള്ളിയത്?



സിതാര എസ് ഒരു കഥ എഴുതിയിട്ടുണ്ട്. പേര്: അഗ്‌നി. 'ഇന്നലെ എങ്ങനെയുണ്ടായിരുന്നു. അയാള്‍ പെട്ടെന്നൊരാഭാസച്ചിരിയോടെ ചോദിച്ചു. മൂന്നു, നാലു സെക്കന്റ് അയാളുടെ കണ്ണുകളിലേക്കു വെറുതേ നോക്കി പ്രിയ സാധാരണ മട്ടില്‍ പുഞ്ചിരിച്ചു. 'നിങ്ങള്‍ ഒട്ടും പോരായിരുന്നു'

അപ്പോള്‍ സംഗതികള്‍ വന്നുതുടങ്ങി. അക്രമികളും ഒരു ക്രമം നിര്‍ദേശിക്കുന്നു. നിയമങ്ങള്‍ എല്ലായ്‌പ്പോഴും ഒരു ക്രമം സൃഷ്ടിക്കുന്നു.. അത് മദ്യം നിരോധിക്കും, കുടിയന്മാരെ നിരോധിക്കില്ല. കാരണം നിയമത്തിനെ കണ്ണുകള്‍ കെട്ടിമൂടിയിരിക്കുന്നു. നിയമങ്ങളില്ലാതെ ഒരു ഹെഡോണിസത്തിനും സര്‍വ്വതോന്മാദത്തില്‍ ആഘോഷിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ചെറിമരങ്ങള്‍ പൂത്തുലയുന്നു. അഥവാ വസന്തത്തെ തടയാനാവില്ല എന്ന്‍ എഴുതിയതും നെരൂദയാണെന്ന് ഓര്‍മ്മിക്കുന്നു.

ലിംഗത്തിന്റെ രാഷ്ട്രീയം സ്ത്രീപക്ഷചിന്തകരെ അലോസരപ്പെടുത്താനിടയുണ്ട്. വനിതാക്ഷേമവും സാമൂഹികക്ഷേമവും തരമുണ്ടെങ്കില്‍ സ്ത്രീകളെ ഏല്‍പ്പിക്കുന്ന രാഷ്ട്രീയവകുപ്പുകളാണ്. അത് അവര്‍ക്കുമാത്രം നിര്‍വ്വഹിക്കാവുന്നത് എന്ന രീതിയില്‍ ടൈപ്പ് ചെയ്തിട്ടുണ്ട്. ആരും പ്രതിഷേധിക്കാനിടയില്ല. പ്രതിരോധവകുപ്പുകൂടി ഏല്‍പ്പിച്ചാല്‍ പുരുഷാധികാര ഭാഷയില്‍നിന്നുകൊണ്ട് താരതമ്യപ്പെടുത്തുന്നു എന്നതാവും പ്രശ്‌നം. കാരണം ഭാഷാചരിത്രം പുരുഷനെ ഏല്‍പ്പിച്ചുകൊടുത്തവര്‍ക്ക് അവനവനാത്മസുഖത്തിനാചരിക്കുന്നവ മാത്രമേ പ്രകടമായും പ്രസക്തമാവുകയുള്ളൂ. പുരുഷനെത്തന്നെ ശാക്തീകരിക്കുന്ന റിഫ്‌ലക്‌സിവിറ്റിയിലേക്കെത്തിക്കുന്നു. വീടുകളില്‍ അടച്ചുപൂട്ടി എന്‍ട്രന്‍സ്‌ മെഷീനുകളാക്കപ്പെടുന്ന മധ്യവര്‍ഗ ആണ്‍കുട്ടികള്‍ക്ക് ഈ ചേച്ചിമാരുടെ ട്യൂഷന്‍ ഉപകാരപ്പെടും. തീര്‍ച്ച. പക്ഷെ ഇതേ റിഫ്‌ലക്‌സിവിറ്റി ഒരു ഉത്തരാധുനിക ലിബറല്‍ സമൂഹത്തിന് ഏറ്റവും വലിയ പാരയാണ്. അത്രേം മനസിലാക്കണം.

എടാ എന്ന് തമ്മില്‍ത്തമ്മില്‍ വിളിക്കുന്നതില്‍ പെണ്‍കുട്ടികള്‍ക്ക് എന്തെങ്കിലും ആണ്‍കോയ്മ അശ്ലീലം (ugly male supremacy) തോന്നിയിട്ടുണ്ടാവില്ല. എടീ എന്നു വിളിക്കുന്നതില്‍നിന്ന് അതിന് എന്തെങ്കിലുമൊരു ശക്തി നല്‍കാനായിട്ടുണ്ടോ? നേര്‍ത്ത ചര്‍മ്മമുള്ള പല സദാചാരവ്രണങ്ങളും ഉള്ള, ഒരു ഭാഷായുക്തിയും പരിഗണിക്കാത്ത രീതിയില്‍ കുട്ടികള്‍ തിരുത്തുന്നുണ്ട്. കാരണം മായ്ക്കാവുന്ന ബോര്‍ഡുകളേ നമ്മുടെ ക്ലാസ്മുറികള്‍ക്കുള്ളൂ.

ഉണര്‍ന്നിരിക്കുമ്പോള്‍ സംഭവിക്കുന്ന വിവേചനം ഉറങ്ങാന്‍ കിടന്നാലും വിട്ടുപോവുന്നില്ല എന്നമട്ടിലാണ് ആണ്‍കുഞ്ഞുങ്ങളുടേത് എന്നുപറഞ്ഞ് താരാട്ടുപാട്ടുകളെ ആക്രമിക്കുന്നത്. പാവ്‌ലോവിന്റെ നായകളെപ്പോലെ അത് ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന അശ്ലീലമാവുന്നു എന്നതൊക്കെ വായിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ കരയുന്നു. ആര്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ല. ശ്ശൊ. ഉറങ്ങാനും സമ്മതിക്കില്ല. ഉറക്കം നടിക്കുകയാണെന്ന് ആരോപിച്ചുകളയും. അയ്യോ.

സത്യത്തില്‍ പെണ്മകളെ ആരെങ്കിലും നിര്‍ബന്ധിക്കുന്നുവെങ്കില്‍ അത് കണ്‍ഫോമിസ്റ്റുകളാവും. അവര്‍ കാല്‍നഖമെഴുതുന്ന നമ്രമുഖികളെ കാണുവാന്‍ കൊതിക്കുന്നുവോ? ജീന്‍സിട്ട പെണ്‍കുട്ടികളെ നമ്മള്‍ ഇഷ്ടപ്പെട്ടുകഴിഞ്ഞതല്ലേ. എന്നിട്ടിതാ, പിന്നെയും, ബസില്‍ വെവ്വേറെ സീറ്റുകള്‍, സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കരുത് എന്ന മുന്നറിയിപ്പ്, എന്താ സീറ്റു കണ്ടാല്‍ ഇരിക്കാന്‍ തോന്നുന്നത് പുരുഷന് മാത്രമാണോ. അതോ പുരുഷന് നിഷേധിക്കാന്‍ കഴിയുന്ന സീറ്റുകളേ ഈ സ്ത്രീകള്‍ക്ക് ഉണ്ടാവൂ എന്നുമാണോ? വേറിട്ട വായന പെണ്മയെ സംബന്ധിച്ച് വേണമെന്ന് ആവശ്യപ്പെടുന്നവര്‍ ഭാഷയുടെ കാപട്യത്തെ വേറിട്ടുമനസിലാക്കുന്നില്ല. ഏതൊരു ഭാഷയും അന്യഭാഷയെപ്പോലെ അവിശ്വസിക്കപ്പെടുന്നതാണ്. കാരണം അത് ഒരു സ്‌ക്രിപ്റ്റാണ്. അത് ഒരു കോഡുമാണ്. അങ്ങനെയാവുമ്പോള്‍ പ്രോസ്‌തെറ്റിക് ആയ ബോധ്യം ചിലപ്പോള്‍ നമ്മള്‍ വിചാരിക്കാത്തയിടത്തേക്ക് ആശയങ്ങളെ വലിച്ചിഴക്കുന്നു. അതാണ് ലിംഗത്തെ ഉപേക്ഷിച്ച് വായിക്കാന്‍ കഴിയാത്തവിധം അന്ധരാവുന്ന, മങ്ങിയ കാഴ്ച്ചകള്‍ കണ്ടുമടുത്തവര്‍ക്ക് സംഭവിക്കുക. സ്ത്രീകള്‍ എഴുതുന്നത് വായിക്കാന്‍ ആളുകള്‍ ധാരാളമുള്ള, ഒരു പക്ഷെ ബഷീറിനെക്കാള്‍ മാധവിക്കുട്ടി വായിക്കപ്പെട്ട, ഒരു അധികാരശൂന്യതയുണ്ട് ഭാഷയില്‍. ചിലപ്പോള്‍ അതങ്ങനെയാണ്. നിഴല്‍യുദ്ധം തോക്ക് ആവശ്യപ്പെടുന്നില്ല. കുറച്ച് ഇരുട്ട് മാത്രമേ ആവശ്യമുണ്ടാവൂ.

Tuesday, November 4, 2014

വരൂ... ഈ തെരുവിലെ പ്രണയം കാണൂ...' ഒരു ചുംബന സമരപോരാളിയുടെ അനുഭവക്കുറിപ്പ്

ജനസദാചാരനിര്‍മ്മിതിയുടെ സാമൂഹിക പരിച്ഛേദത്തില്‍ തങ്ങള്‍ക്ക് സ്വാഭാവികമായും അവകാശപ്പെട്ടത് എന്ന് കരുതപ്പെടുന്ന ഇടം തേടുന്ന ഒരു യുവതലമുറ ഇവിടെ വളര്‍ന്നുവരുന്നുണ്ട്. സ്വാതന്ത്ര്യത്തിനൊപ്പം അവകാശബോധവും തോന്നുന്ന, അടിമജനമല്ലാത്ത ഒരു പൊതുധാര അവരിലൂടെ രൂപപ്പെടുന്നുണ്ട്. പക്ഷെ കാടും പടര്‍പ്പും പൊട്ടക്കിണറുകളും വളര്‍ത്തി ആ തീക്ഷ്ണതയെ തമസ്‌കരിച്ചുകളയുകയാണ് വ്യവസ്ഥാപിത, മതാതിഷ്ഠിത സദാചാരനിര്‍മ്മിതി. അങ്ങനെയൊരു സദാചാരം സാമൂഹികഘടനയില്‍ ഒരു മാറ്റവും ആവശ്യപ്പെടുന്നില്ല എന്നിരിക്കെ, അത് മുഖ്യധാരാ രാഷ്ട്രീയത്തിനെ എന്തിനു സംഭ്രമിപ്പിക്കണം? കാരണം, ഇത്തരമൊരു സമൂഹത്തിന്റെ സകല ജീര്‍ണ്ണതകളുടെയും ഉത്തരവാദികളും ഗുണഭോക്താക്കളുമാണ് ഈ രാഷ്ട്രീയ ശക്തികള്‍. അവര്‍ക്ക് സാമൂഹികമായ ഇടപെടലുകളില്‍ താല്‍പര്യമില്ല, ഏതുവിധേനയും അധികാരം സ്വന്തമാക്കുന്നതില്‍ മാത്രമാണ് താല്പര്യം. ഈ സാഹചര്യത്തില്‍, ഫേസ്ബുക്ക് ഒരു വലിയ ഇടപെടലാണ് നമ്മുടെ വാര്‍ത്താജീവിതങ്ങളില്‍ നടത്തുന്നത്. കേവലമായ സൗഹൃദങ്ങള്‍ക്കപ്പുറം, ആശയങ്ങളുടെയും അഭിപ്രായ ഐക്യങ്ങളുടെയും അതിലേറെ വിയോജിപ്പുകളുടെയും ഒത്തുചേരലിനുള്ള ഇടമാവുന്നു ഇവിടം. തെരുവിലേക്ക് പകരുന്ന പ്രൊഫൈലുകളാവുകമൂലം ഏതൊരു ഫേസ്ബുക്ക് ആഹ്വാനത്തിനും പ്രാപ്യമാവുന്നതിനേക്കാള്‍ വലിയ ഒരു വിജയമായിരുന്നു നവംബര്‍ 2/മറൈന്‍ ഡ്രൈവ്.

അവനവന്‍ തന്നെ ഒരാള്‍ക്കണ്ണാടിയാവുന്ന ശരാശരി പ്രൊഫൈലുടമകളേക്കാള്‍ വലുതാണ്, അതിനേക്കാള്‍ പ്രാധാന്യമേറിയതാണ്; തെരുവിലെ തീക്ഷ്ണ സമരങ്ങള്‍. ഇടതുരാഷ്ട്രീയത്തിന്റെ സമൂഹനിര്‍മ്മിതിസങ്കല്പം നമ്മോടെന്തെങ്കിലും പങ്കുവെയ്ക്കുന്നുവെങ്കില്‍ അത് ഇതുതന്നെയാണ്. ഇനി ഒരടിയന്തരാവസ്ഥയോട് നമ്മളെങ്ങനെ പ്രതികരിക്കും എന്ന ഒരു സാധ്യതകൂടി ഒഴിച്ചിട്ടുകളയാന്‍ നമുക്ക് കഴിയില്ല. അഥവാ കമന്റ് ഓപ്ഷനുകളോ ലൈക്ക് ബട്ടണുകളോ ഷെയര്‍ ബട്ടണുകളോ ഇല്ലാതാവുന്ന ഒരു വിനിമയനിര്‍മ്മിതി നിങ്ങളുടെ സാമൂഹികബോധത്തെയോ പ്രതികരണശേഷിയെയോ എങ്ങനെ ബാധിച്ചേക്കും എന്ന് നിങ്ങള്‍ ഇനിയും ബോധവാനാണോ? കാരണം അത്രമേല്‍ കൂര്‍ത്തുമൂര്‍ത്തതാണ് ചരിത്രമെന്ന ചെന്നായയുടെ ഉളിപ്പല്ലുകള്‍. ഏതുനിമിഷവും അതുനമ്മെ കടന്നാക്രമിച്ചേക്കാം, കടിച്ചുമുറിച്ചേക്കാം.



പരാജയപ്പെട്ട എല്ലാ സമരങ്ങളുടെയും ചരിത്രം, മുയല്‍ക്കുഞ്ഞുങ്ങളോടൊപ്പം വേട്ടനായ്ക്കള്‍ മേയുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് നമ്മളെ ചകിതരാക്കുന്നുണ്ട്. അധികാരിവര്‍ഗത്തിന്റെയും സമൂഹനിര്‍മ്മിതിയുടെയും ഇഷ്ടികക്കളങ്ങളില്‍ പൊടിക്കാറ്റുതിര്‍ത്തുപായാന്‍ കഴിയുന്നിടത്തോളം നമ്മള്‍ സഹനങ്ങള്‍ക്കും വ്യഥകള്‍ക്കും സ്വയം പാകമായോ? അല്ലെങ്കില്‍ ഇനിയും ലൈക്കുകളും കമന്റുകളും ഷെയര്‍ബട്ടണുകളും, സ്റ്റാറ്റസ് അപ്‌ഡേറ്റുകളുമായി ഒതുങ്ങിപ്പോവും നമ്മുടെയീ നവമാധ്യമരാഷ്ട്രീയം. വായ കീറിയതിനാല്‍ കുറച്ച് അഭിപ്രായങ്ങളുണ്ട് എന്ന മട്ടിലല്ല, അതിനേക്കാളുപരിയായി ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നിടത്താണ് വിജയം. അതിനുള്ള പരിശ്രമങ്ങള്‍ നടത്താന്‍ ആള്‍ക്കൂട്ടത്തില്‍ത്തനിയെ നടക്കുന്നവര്‍ക്കാകും. ഒരുപക്ഷെ ഒരായിരം പേര്‍ ഒരു പ്രൊഫൈലില്‍ നിന്നിറങ്ങിവന്നേക്കാം. ഒരാള്‍ത്തന്നെ ഒരാള്‍ക്കൂട്ടമായേക്കാം. ഫേസ്ബുക്കിലെ ചാറ്റില്‍നിന്നു കണ്ടുകിട്ടിയ ഫ്രെഡിയോടൊപ്പം മറൈന്‍ ഡ്രൈവിലെമ്പാടുമലഞ്ഞു നടക്കുമ്പോള്‍ സമരത്തിനുള്ള പോരാളികള്‍ തികഞ്ഞിരുന്നില്ല. ചുംബനസമരത്തെക്കുറിച്ച് ഒരു രൂപവുമുണ്ടായിരുന്നില്ല.

നവംബര്‍ രണ്ട് ഇങ്ങനെ സൂചനകള്‍ നിറഞ്ഞ ഒരു നാട്ടുവെളിച്ചമായിരുന്നു. ഇതുപോലെ മറ്റൊന്ന് ഓര്‍മ്മയില്‍ തെളിയാനുംമാത്രം ചരിത്രബോധമോ, രാഷ്ട്രീയ അയുക്തിക വാദമുഖങ്ങളോ, അലോസരപ്പെടുത്താത്ത ഭീതിരഹിതമായ സഹജസ്‌നേഹം മാത്രമുള്ള ഒരു പുതിയ തലമുറയ്ക്കും അവരുടെ തനതുഭാഷയ്ക്കും ഒരിടം ആവശ്യമല്ലേ. പക്ഷെ അങ്ങനെ ഒഴിഞ്ഞുകൊടുക്കുന്ന ഒരു സമത്വഭാവന ആര്‍ക്കാണുണ്ടായിട്ടുള്ളത്. അധികാരം കാംക്ഷിക്കുന്നില്ലെങ്കില്‍പ്പോലും സ്വരാജ്യത്തെ നമ്മള്‍ക്ക് പോരാടി മാത്രമേ നേടാനാവൂ. ഇത്തരമൊരു ജ്വലനം ഉണ്ടാവുക ഒരു മധ്യവര്‍ഗ ആലസ്യത്തില്‍പ്പെട്ട സമൂഹത്തിനാവുമോ? കേരളം പോലെ ഇത്ര വിശാലമായ ഒരു മധ്യവര്‍ഗ അനുഭവപരതയുള്ള നാടിന് ഇത്തരമൊരു മാറ്റത്തിന് ദിശകാട്ടാനാവുമോ? അങ്ങനെയെങ്കില്‍ ആര്‍ക്കാണ് ഇവിടെയൊരു മാറ്റത്തിന് ആവശ്യം.

രണ്ട് പ്ലക്കാര്‍ഡുകള്‍ കണ്ണൂരില്‍നിന്നിറങ്ങിയപ്പോഴേ കരുതിയിരുന്നു; stop moral policing, go kissing എന്നിവ. ഫ്രെഡിയില്‍നിന്ന് വാസുവിലേക്കും, വാസുവിലൂടെ ലോഹിതിലേക്ക്, ലോഹിതിലൂടെ രാഗേന്ദുവിലേക്കും രാഗേഷിലേക്കും, രാഗേഷിലൂടെ അനീഷ് മേനോനിലേക്ക്, പിന്നെ സന്തോഷിലേക്ക്, വിഭാതിലേക്ക്, സലിമിലേക്ക്-സ്‌നേഹത്തിന്റെ പയറുവള്ളികള്‍ ചൊടിയോടെ പടരുകയായിരുന്നു ഉടല്‍മരത്തിലേക്ക്.



ശരീരത്തിന്റെ രാഷ്ട്രീയം മനുഷ്യവംശത്തിന്റെ അന്തസത്തയാണ്. ജൈവികമായ കൈമാറ്റമാണ്. പ്രാചീനമായ ഒരു ഈറന്‍ സ്പര്‍ശമാണ്. ഇത്തരമൊന്നിനെ ശരീര (യുക്തി) പൂര്‍വ്വം തുറന്നുകാട്ടുന്നത് സമൂഹം നിര്‍മ്മിച്ചെടുത്തിരിക്കുന്ന ആചാരവ്യവസ്ഥയെയും അധികാരസംജ്ഞയെയും പൊളിച്ചെഴുതുന്നതാണ്. അതിനാല്‍മാത്രം ചുംബനത്തെ ഒരു രാഷ്ട്രീയ സമരമാക്കി മാറ്റുന്നത് ഭയപ്പെടുത്തുന്നു, അലോസരപ്പെടുത്തുന്നു പലരെയും. അവരാണ് അമ്മപെങ്ങന്മാരെക്കുറിച്ച് കപട വ്യാകുലതയില്‍പ്പെടുന്നത്. അത് നിക്ഷിപ്തതാല്പര്യക്കാരുടെ വത്മീകമോ, പര്‍ദ്ദയോ ആണ്. പുരുഷാധികാരത്തിന്റെ രാമായണങ്ങളിലൂടെ കാടിനെ ഭയമില്ലാത്ത മിന്നാമിന്നികള്‍ പറന്നുപോവുന്നത് അവരെ അലോസരപ്പെടുത്തും, അസ്വസ്ഥരാക്കും. ഒന്നിനെക്കുറിച്ചും അറിവില്ലാത്തവരാക്കും, അങ്ങനെയൊരു ഇരുട്ട് അവരെ ഭയപ്പെടുത്തും. അതുകൊണ്ട് പെണ്ണുടലിനെ ഭരിച്ച് വിരാജിക്കാന്‍ ആണ്‍സംജ്ഞകളുടെ വ്യവസ്ഥാപിത സമൂഹത്തിന് അതീവതാല്പര്യമുണ്ട്. സ്ത്രീ സ്വാതന്ത്ര്യമെന്താണെന്ന് നിര്‍വ്വചിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും നിങ്ങള്‍ സ്ത്രീകള്‍ക്ക് വിട്ടുകൊടുക്കുക. ഇതിനേക്കാള്‍ രൂക്ഷമാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളി. അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗെറ്റോകളിലാണ്. തീര്‍ച്ചയായും അങ്ങനെയൊരു സമൂഹത്തില്‍നിന്നാണ് ശരീരത്തിന്റെ രാഷ്ട്രീയം/ചുംബനത്തിന്റെ രാഷ്ട്രീയം വേട്ടാളന്റെ ചുവന്ന കുഞ്ഞുങ്ങളെ മണ്‍കൂട് പൊളിച്ച് പുറത്തേക്കെറിയുന്നത്. ഈ നഗ്‌നത നിങ്ങളെ അലോസരപ്പെടുത്തും, അപമാനപ്പെടുത്തും, പക്ഷെ അതിനെ ചുംബിക്കാന്‍ കുറച്ച് സത്യവും നന്മയും വേണം. അങ്ങനെ നന്മ നിറഞ്ഞവര്‍ക്ക് മറൈന്‍ ഡ്രൈവിലേക്ക് പ്രവേശനം നിഷേധിച്ചത് പോലീസും ശിവസേനയും ബിജെപിയും കെ എസ് യുവും, എസ്ഡിപിഐയും സമസ്തയും ഒരുമിച്ചുനിന്നാണ്. കിസ്സടിക്കുമെങ്കില്‍ കാണണം, അല്ലെങ്കില്‍ കമന്റടിക്കണം, കിട്ടിയോ കിട്ടിയോ എന്നു ചോദിച്ച് കഴപ്പടക്കണം, ഭാരതസംസ്‌ക്കാരത്തിന്റെ സംരക്ഷണത്തിന് ചാസ്റ്റിറ്റി ബെല്‍റ്റിട്ട് നടത്തിക്കണം. എല്ലാവരുടെയും ബൈറ്റെടുക്കാന്‍ ചാനല്‍ ചേട്ടന്മാര്‍ തയ്യാറാണ്. ആരൊക്കെയാണ് ചുംബനസമരത്തില്‍ പങ്കെടുക്കാനെത്തിയതെന്നാണ് എല്ലാവര്‍ക്കും തിരയാനുള്ളത്. മറൈന്‍ ഡ്രൈവ് പരിസരത്ത് നിന്ന് മേനക റോഡിലൂടെ വിഭാതും, സന്തോഷും, വാസും, ഫ്രെഡിയും ഞാനും നടന്നുനീങ്ങി.


ലോ കോളേജ് ജംഗ്ഷനില്‍ ബാനറുകളുമായി ജിജോയും കൂട്ടരും തയ്യാറായിരുന്നു. ജയ്‌സണെയും മറ്റ് ചില മനുഷ്യാവകാശ പ്രവര്‍ത്തകരെയും കണ്ടു. കൊച്ചി പാരീസായില്ലെങ്കിലും മനുഷ്യര്‍ക്ക് (ഭാരതീയര്‍ക്കല്ല, ഭാരതസംസ്കാരത്തിന് അല്ലേയല്ല) സ്വാതന്ത്ര്യം ലഭിക്കണം എന്നാഗ്രഹിക്കുന്നവര്‍. ആലിംഗനത്താലും ഉമ്മകളാലും ആശയങ്ങള്‍ മൂര്‍ത്തരൂപങ്ങള്‍ കൈവരിക്കുന്ന വൈറല്‍ വികാരങ്ങള്‍ പടരുന്നതുപോലെതോന്നി. സജിത്ത് എന്നെ ചേര്‍ത്തണച്ചു. ഞങ്ങള്‍ സെല്ഫികളെടുത്തു. ഒരു വിദേശപൗരന്‍ സമരത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് പരിസരത്തുണ്ടായിരുന്നു. പോലീസുകാര്‍ ഇടിവണ്ടികളുമായി എത്തിയിട്ടുണ്ട്. ചാനല്‍ക്യാമറകളും റെഡി. പെട്ടെന്ന് പ്രൊഫൈലുകള്‍ മുദ്രാവാക്യങ്ങളായി. അവ മെല്ലെയനങ്ങുന്ന തീവണ്ടിയായി വേഗം കിതച്ചു. നിന്നു. പോലീസുകാര്‍ വളഞ്ഞു. ബോഗികള്‍ ഒന്നിനുമീതേ ഒന്നായി അമര്‍ന്നു, ചിലതു തെറിച്ചുപോയി. ബാനറുകള്‍ വലിച്ചുമാറ്റി. പ്ലക്കാര്‍ഡുകള്‍ ചീന്തിപ്പോയി. മുദ്രാവാക്യങ്ങളാല്‍ പൊട്ടിത്തെറിച്ച് ഉമ്മപ്പൂത്തിരികള്‍. തെറിച്ചുപോയവരില്‍ ഫ്രെഡി, സജിത്ത്, ശ്രീരാഗ്; അതുപോലെ കുറേപ്പേര്‍. ബാനറുകളില്ലാതെ സംഘടിക്കാന്‍ ശ്രമിച്ചു ഞങ്ങള്‍. പോലീസുകാര്‍ വീണ്ടും മുന്നോട്ട്. ചിതറിപ്പോയ ചെറുമഴകളായ് ഞങ്ങളുടെ ഉമ്മ നനവുകള്‍ റോഡിലെവിടെയൊക്കെയോ വീണുപോയിരിക്കുന്നു. മറൈന്‍ ഡ്രൈ വിലേക്ക് പലവഴികടക്കാന്‍ ഞങ്ങള്‍ പിന്നെയും മറ്റുപലവഴിക്ക് ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടെ ഒരു ഗ്രൂപ്പ് മറൈന്‍ ഡ്രൈ വില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തുകയും ഉമ്മകള്‍ ആഘോഷിക്കുകയും ചെയ്തു. നിഴലുകളെ അത്രവേഗം ചിതറിക്കാനാവില്ലല്ലോ. ആള്‍ക്കൂട്ടത്തില്‍നിന്ന് ഉമ്മകള്‍ നനഞ്ഞുതിര്‍ന്നുകൊണ്ടിരുന്നു.


ശിവസേനക്കാരുടെ റൗണ്ട് മാര്‍ച്ചുകളും, കാഴ്ച്ചക്കാരുടെ ഗ്വാഗ്വാ വിളികളും, പോലീസുകാരുടെ വിരട്ടിയോടിക്കലും പെപ്പര്‍ സ്‌പ്രേയും, സമസ്തയുടെയും എസ്ഡിപിഐയുടെയും സമര കോപ്രായങ്ങള്‍ക്കുമിടയില്‍ ഞങ്ങളുടെ കൂട്ടുകാര്‍ ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ ഉമ്മകളുടെ മിന്നാമിന്നികളെ പറത്തിവിട്ട് പ്രകാശിപ്പിച്ചു. വിഷാദത്താല്‍ വരണ്ടുപോയ പേരില്ലാത്ത രാഷ്ട്രീയ സങ്കല്പങ്ങളെ രാത്രി വൈകുവോളം പലയിടങ്ങളില്‍ പല ചിന്തകളില്‍ പല ചര്‍ച്ചകളില്‍ പല ബസുകളില്‍ പല ട്രെയിനുകളില്‍ പുതിയ പ്രഭാതങ്ങളിലേക്ക് വഹിച്ചുകൊണ്ടുപോയത് നിശ്ചയമായും നിഴലുകളല്ല, പുതിയ പുതിയ സമരങ്ങളുടെ തീക്ഷ്ണധ്വനികളാണ്. പ്രത്യക്ഷ രാഷ്ട്രീയത്തെ തകിടം മറിയ്ക്കുന്ന പുതിയ കാലത്തിന്റെ കാറ്റുകള്‍ വീശുകയാണ്. വെളിച്ചത്തിന്റെ പൊന്‍തിരകളാണ് ഉമ്മകളുടെ മിന്നാമിന്നിത്തെളിച്ചങ്ങള്‍. കൂട്ടുകാരാ ഫ്രെഡീ, ഒരിക്കല്‍ക്കൂടി ഒന്നുമ്മവെക്കൂ. സ്‌നേഹിക്കാനൊഴികെ മറ്റെന്തിനും സ്വാതന്ത്ര്യമുള്ളപ്പോള്‍ സഹോദരാ, വരൂ ഈ തെരുവിലെ ചോര കാണൂ, ഈ തെരുവിലെ പ്രണയവും കാണൂ. ഉമ്മകള്‍ ഉമ്മകള്‍...


(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്റനറി സര്‍ജനായി സേവനമനുഷ്ഠിക്കുകയാണ്)
*Views are Personal 

http://www.azhimukham.com/news/2469/kiss-of-love-social-media-politics-young-generation-priyan-alex

Sunday, November 2, 2014

മോശം തുടക്കങ്ങൾ നല്ലതാണ്








ആരാണ് നീ, ഇതിനെക്കുറിച്ച് പറയാൻ എന്ന് ചോദിക്കുവാൻ തുനിയുന്നവരോട്, പ്രതികരണവുമായി സാംസ്കാരികനായകർ എന്ന് തലക്കെട്ടെഴുതിയവർക്ക്, ന്യൂസ് റൂമിലിരുന്ന് വിചാരണ ചെയ്യുന്ന വാർത്താനിർമ്മാതാക്കളോട്, നിങ്ങൾ ഇനിമേലിൽ ഫേസ്ബുക്ക് പൌരന്മാർ എന്നൊരു പുതിയ വിഭാഗത്തെക്കൂടി നേരിടേണ്ടിവരും. വരും കാല സമരക്കാറ്റുകൾക്ക് പുതിയ പായ്ക്കപ്പലുകൾ തീരങ്ങൾ വിട്ട് നീങ്ങുകയാണ്. ഇതിന് ദിശകൊടുക്കാൻ കഴിയുന്ന രീതിയിൽ മുഖ്യധാര നമ്മെ ആവും വിധം പ്രകോപിപ്പിച്ചുകൊണ്ടിരിക്കും. സാരമില്ല, പുച്ഛം ഒരു പൊതുസമ്മതപ്രതിരോധമാണ്. അങ്ങനെ പുച്ഛിച്ചു പാതാളത്തോളമെത്തിയ എത്ര മാവേലിരാജാക്കന്മാരുണ്ടായിരുന്നു ഭൂമിമലയാളത്തിൽ എന്നോർക്കുമ്പോഴാണ്, ഹാവൂ എന്നൊരാശ്വാസം.

പിന്നെ, മധ്യവർഗ ഇരപിടുത്തമായും ചപലവ്യായാമമായും ഗണിക്കപ്പെട്ടുതീരട്ടെ അധരവിക്ഷേപം എന്ന് ശപിച്ചു വെണ്ണീറാക്കിക്കളയുന്ന ആസ്ഥാനഗുണഭോക്തൃലിസ്റ്റിൽപ്പെട്ടവരോട്, നിങ്ങൾ ഫാസിസത്തിൽനിന്ന് സബ്സിഡി വാങ്ങുന്നവരാണ്. നിങ്ങൾ ആധാർ കാർഡും കൊണ്ട് ഉടനെ ഹാജരാവുക. ആവശ്യത്തിന് പുച്ഛം ഇനിയും ഞങ്ങളോടുണ്ടാവുക. അല്ലാതെ കാറ്റിനൊപ്പം കുടപിടിച്ച് വെറുതേ ഞങ്ങളെ പ്രശ്നത്തിലാക്കരുത്. നിങ്ങളുടെ സാഹിത്യം വായിച്ച് ഞങ്ങൾക്ക് വട്ടുപിടിച്ചേക്കും

നിലയ്ക്ക് ഇനിയിപ്പോ ലുമ്പൻ ബൂർഷ്വാസിയെക്കുറിച്ചുകൂടി ചർച്ചചെയ്യാനായി തോന്നുന്നു. സംഗതി മറ്റൊന്നുമല്ല, കുതിരവട്ടം പപ്പു പറഞ്ഞതുപോലെ താനാരാണെന്ന് തനിക്കറിഞ്ഞൂടെങ്കിൽ തന്നോട് ചോദിക്ക് താനാരാണെന്ന് , എന്നിട്ടും മനസിലായില്ലെങ്കിൽ എന്നോട് ചോദിക്ക് ഞാനാരാണെന്ന് എന്ന ലൈനിലാണ്. അതായത്, നല്ല ഒരു തുടലും, ഇരുമ്പുകൂടും ഉള്ളതിനാലും, റൊട്ടിയും പാലും ലഭിക്കുന്നതിനാലും യജമാനനുവേണ്ടി മതിൽക്കെട്ടിനുള്ളിൽ വീരശൂരപരാക്രമിയായി കുരച്ചുചാടുന്ന സാഹിത്യജന്മങ്ങൾക്ക് സർവ്വാത്മനാ ഡെഡിക്കേറ്റ് ചെയ്യുന്നു, മോറൽ അമ്മൂമ്മവർത്തമാനം പറഞ്ഞുതരുന്ന ഇവരൊക്കെ പുരോഗമനം എങ്ങനെയാവണമെന്ന് വലിയ ഐഡിയ ഉള്ളവരാണ്. സർവ്വാത്മനാ സർവ്വം സഹരാണ്. ഇതിനെയാണ് kick ass ideologist’s എന്ന് പിന്നെയും പിന്നെയും തോന്നിപ്പിക്കുന്നത്

ഒരാൾക്ക് എന്തുചെയ്യാനാവും എന്നതിന് ഇനിയെന്തെങ്കിലും പ്രസക്തിയുണ്ടോ? പകരം ചോദിക്കൂ. ശരിക്കും ഒരാൾത്തന്നെ ഒരാൾക്കൂട്ടമാവുന്ന കാലം വിദൂരമാണോ?

എന്തായാലും കൊച്ചി പഴയ കൊച്ചിയല്ല, കേരളം പഴയ കേരളവുമല്ല. ശരിക്കുള്ള യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുള്ളൂ. ഇന്ന് കൊച്ചി നിരാശപ്പെടുത്തിയിട്ടുണ്ടാവാം. കേരളം നിരാശപ്പെട്ടിട്ടുണ്ടാവാം. മുന്നൂറ് കിലോമീറ്ററോളം രാപകൽ സഞ്ചരിച്ചെത്തിയ ഇന്റർനെറ്റ് പൌരന്മാർ നിരാശപ്പെടുന്നുണ്ടാവാം. പക്ഷെ ഭരണകൂടത്തിൽനിന്നും മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളിൽനിന്നും നമ്മളിത്രയേ പ്രതീക്ഷിക്കേണ്ടതുള്ളൂ. കൂടുതൽ പ്രതീക്ഷിക്കുകയും മനുഷ്യപക്ഷത്ത് അവർ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയും ചെയ്ത നമ്മളാണ് വിഡ്ഡികൾ. 

പക്ഷെ ഒന്നുണ്ട്. യാതൊരു സംഘടനാശേഷിയുമില്ലാതെ, ആരൊക്കെയാണ് എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നതെന്ന് അറിയാതെ കൊച്ചിയിലേക്കെത്തിയ ഞാനും ഫ്രെഡിയുമുൾപ്പെടെയുള്ള അനേകർ, എത്രപേർ, അറിയില്ല, ഇന്ന് ലോ കോളേജിനുമുന്നിൽ സംഘടിച്ച ആ മുപ്പത്തിയഞ്ചുപേരിലധികം അനുഭാവികൾ ഉണ്ടായിരുന്നു തീർച്ചയായും. ഒരുപക്ഷേ സമാധാനപൂർവ്വകമായ അന്തരീക്ഷത്തിൽ ഇതൊരു ഹൃദയമേളനമാവുമായിരുന്നു. 

ഏതാണ്ട് ഉച്ചയ്ക്ക് രണ്ടരയോടെതന്നെ കാറുകളിലാണ് ബി ജെ പി ഗുണ്ടകൾ എത്തിച്ചേർന്നത്. ഞങ്ങൾ കണ്ടിരുന്നു. സന്ദർശകർ, കാഴ്ച്ചക്കാർ, അനുഭാവികൾ, കിസ്സടി നടക്കുമോ എന്നറിയാനെത്തിയ ചേട്ടന്മാർ, തെറിവിളിക്കാനോ ആരാനിട്ട് തല്ലാനോ എത്തിയ സദാചാര ഊളകൾ, സമസ്തകൾ, പോപ്പുലർ ഫ്രണ്ട്, കെ എസ് യു ട്രൌസർകുട്ടികൾ, എങ്ങനെയാണ് മറൈൻ ഡ്രൈവിലേക്ക് പേരോ മുഖമോ മുൻ പരിചയമോ ഇല്ലാത്ത മനുഷ്യസ്നേഹത്തിന്റെ പേരിൽമാത്രം ഒന്നായിരിക്കുന്നവർ സംഘടിക്കുക. എവിടെയാണ് അവർക്കുള്ള ജനാധിപത്യ ഇടം. അവരെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന പൊതുസമൂഹം.
എല്ലാം വെറുതെയായിരുന്നു. ചാനലുകൾ ഓടി നടന്നു ബൈറ്റെടുക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ആരോടും മിണ്ടിയില്ല. കാരണം ചാനലുകൾക്ക് വേണ്ടി സമരം നടത്തി ശീലമില്ലല്ലോ. ന്യൂസ് റൂമുകളിലിരുന്ന് വാർത്താതാരമാകാൻ മത്സരിക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷെ നവമ്പർ 2 ഒരു ഓർമ്മദിവസമാവും. അത് തീർച്ചയാണ്. ഒരു പക്ഷെ പുതിയ നവോത്ഥാനകേരളത്തിന് തുടക്കമാവുന്നു. അതിൽ മുഖ്യധാരാരാഷ്ട്രീയത്തിന് യാതൊരു പങ്കുമില്ല. അതിനെ എതിർക്കാൻ മൌലവിമാരും ബി ജെ പിക്കാരും കോൺഗ്രസുകാരും ഒന്നിച്ചുനിൽക്കുന്നു. ഇടതുപക്ഷം മൌനം പാലിക്കുന്നു. കേരളീയ യുവത്വം അരാഷ്ട്രീയവൽക്കരിക്കപ്പെട്ടിട്ടില്ല എന്നു തെളിയിക്കാനെങ്കിലും ഉപകരിച്ചിരിക്കുന്നു. ഈ കുഴപ്പക്കലാശത്തിലും ഒരു മുപ്പത്തിയഞ്ച് പേർക്ക് ബാനറുകൾ പിടിച്ച് പ്ലക്കാർഡുയർത്തി അറസ്റ്റുവരിക്കാൻ സാധിച്ചു. പക്ഷെ നിരാശയുണ്ട്. ഒപ്പമുണ്ട് എന്നുകരുതിയവർ ഉണ്ടായില്ല. എങ്കിലും ഓർക്കുക, എട്ടുറൌണ്ട് പ്രകടനം നടത്തിയ ശേഷമാണ് ബി ജെ പിക്കാർക്കെതിരെ പോലീസ് ചലിച്ചത്. എന്നാൽ ലോ കോളേജിനുമുന്നിൽനിന്ന് ഫേസ്ബുക്കുകാരെ കേവലം അഞ്ചടി നടക്കാൻ അനുവദിച്ചില്ല. ചിതറിയോടിയ മുയൽക്കുഞ്ഞുങ്ങളായി ഞങ്ങൾ. പൊതുനിരത്തിൽ അഴിഞ്ഞാടിയ ആഭാസന്മാർക്ക് പോലീസുകാർ അപ്പോഴും കാവൽ നിന്നു. ആര് ആരുടെ സംസ്ക്കാരത്തിനാണ് ട്രൌസറിട്ടത് സാറേ. ആർക്കാണ് സാറേ നിങ്ങൾ സംരക്ഷണം നൽകിയത്. 

സാ‍രമില്ല. എഴുതിത്തള്ളിക്കളഞ്ഞ മനുഷ്യർക്കും അവരുടെ സമരാവേശത്തിനും ഇത്ര പരസ്യമായി ഒളിക്യാമറകളെക്കൊണ്ട് നോക്കാൻ മാത്രം ആശയുള്ള ഒരു സമൂഹത്തിലാണ് തങ്ങൾ ജീവിക്കുന്നതെന്ന് മനസിലായല്ലോ. ചേട്ടാ, അപ്പോ കിസ്സടിയൊന്നും നടന്നില്ലേ എന്ന് എത്ര ലാഘവത്തോടെ ചോദിക്കാൻ കഴിയുന്നു. നിങ്ങളുടെ കുത്തിക്കഴപ്പിന് സീനിട്ട് തരലല്ല സുഹൃത്തേ പൌരസ്വാതന്ത്ര്യം. കേരളമെന്നത് ഉള്ളിത്തൊലിക്കുള്ളിലെ ഉള്ളിത്തൊലിയാണെന്ന് തെളിഞ്ഞു. ചുംബിക്കാൻ വന്നവരെ അതിനൊട്ട് സമ്മതിച്ചതുമില്ല, കാണാൻ വന്നവരുടെ കഴപ്പടങ്ങിയതുമില്ല. 

പക്ഷെ മറ്റൊരു നിർണ്ണായകമായ ബോധ്യം പോലീസ് ഇടിവണ്ടിക്കുമുന്നിൽനിന്ന് ചിതറിയോടിയ ഞങ്ങളിൽ കടന്നുവന്നിട്ടുണ്ട്. വരും കാറ്റുകൾക്കുള്ള പായ്ക്കപ്പലുകളാണവ.. ഫേസ്ബുക്കിൽ പ്രതികരിക്കുന്നവർ പലരും വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവരോ വോട്ടുചെയ്യാൻ താല്പര്യമില്ലാത്തവരോ ആണ്. ഈ ഞാനും അത്തരത്തിലൊരുത്തനാണ്. അതുകൊണ്ട് വമ്പിച്ച ഒരു ജനകീയ മുന്നേറ്റത്തിന് ശ്രമിക്കുമ്പോൾ ഫേസ്ബുക്കിനപ്പുറം തെരുവിലാണ് നമുക്ക് പോരാടാനുള്ളത് എന്ന് തിരിച്ചറിയുന്നു. അത് ഫേസ്ബുക്കിൽ പോസ്റ്റിട്ടുകയോ, ഗോയിങ്ങ് ബട്ടനിൽ ക്ലിക്ക് ചെയ്യുകയോ ലൈക്കടിക്കുകയോ ചെയ്യുംപോലെ എളുപ്പമല്ല. ബി ജെ പിക്കാർക്ക് മറൈൻ ഡ്രൈവിൽ മാർച്ചിനുള്ള സ്വാതന്ത്ര്യം ലഭിക്കുകയും നമുക്ക് അത് ലഭിക്കാതിരിക്കുകയും ചെയ്തതിന്റെ കാരണമതാണ്. എങ്കിലും തലതൊട്ടപ്പന്മാരില്ലാത്ത ഈ സമരം ലൈംഗികന്യൂനപക്ഷങ്ങളുടെയും സിവിൽ അവകാശപ്പോരാട്ടങ്ങളുടെയും ദിശയിൽ ഒരു പുതിയ വഴിത്തിരിവാകും. ഗറില്ലാസദാചാരത്തിൽ താല്പര്യമുള്ളവരുടെ തലമണ്ടകൾ തല്ലിപ്പൊളിച്ചുതന്നെ മറുപടി നൽകാൻ കഴിയണം. അതിന് ഈ തെരുവുകൾ തൂത്തുവാരൂ എന്നു പറയുന്നവരോട് ഈ തെരുവിലെ ചോര കാണൂ എന്നാണ് മറുപടി പറയാനുള്ളത്. പുതിയ തുടക്കങ്ങൾക്ക് ഒരു മോശം അനുഭവം ആവശ്യമാണ്. 

സോഷ്യൽ മീഡിയ വഴി പ്രതികരിക്കുന്നവരെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ടാവില്ല. തെളിവു തരൂ എന്ന് അലമുറയിടുകയും, നിങ്ങൾ കൈത്താങ്ങുള്ള കസേരക്കുഷ്യനിലിരുന്ന് പലതും പറയും എന്നും, എവിടെ നിങ്ങൾക്കുള്ള ജനപിന്തുണ എന്നും പലചോദ്യങ്ങളുണ്ട്. ജനപിന്തുണയും ജനകീയകോടതിയും അഴിമതിയെസംബന്ധിച്ചും വംശീയകലാപത്തെ സംബന്ധിച്ചും വിധിപ്രസ്താവം ചെയ്യുകയും അങ്ങനെ എല്ലാം പണ്ടത്തതിനേക്കാൾ സുന്ദരമായി പരിണമിക്കുകയും ചെയ്യുന്ന സ്വത്രന്ത്ര പരമാധികാര പണ്ടാരമടങ്ങിയ രാജ്യത്ത് ഇങ്ങനെ ചില തൊന്തരവുകൾകൂടി കടന്നുകിട്ടണമല്ലോ, വായ കീറിയതുകൊണ്ടാണ് ഇവർക്ക് അലമുറയിടാനോ വിശക്കുന്നതായോ തോന്നുന്നത് എന്ന് താത്ത്വികമായി അവലോകനം ചെയ്തുപോരുന്നത്, അഥവാ അങ്ങനെയേ നിങ്ങളിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നുള്ളൂ സാറന്മാരേ!

പലതിൽനിന്ന് പലതിലേക്ക് മാറുന്ന പലതിനെയും കുറിച്ച് പലതും ചിന്തിക്കുമ്പോൾ പലതും തോന്നുന്നു. എങ്കിലും ഉമ്മ, ഫോട്ടോയെടുക്കാൻ മറന്നുപോയ എല്ലാ ഉമ്മകൾക്കും

അഭിവാദ്യങ്ങൾ ഫ്രെഡി, ജിജോ, ജെയ്സൺ, വാസു, ലോഹിത്, രാഗേഷ്, വിഭാത്, സന്തോഷ്, രാഗേന്ദു, അനീഷ് മേനോൻ, സലിം, സജിത്ത്, പ്ലിങ്കു , എല്ലാവർക്കും ഉമ്മകൾ, will miss u.  Love u a lot